അധ്യാപക പുനര്‍വിന്യാസം; സ്കൂളുകളില്‍ ഭാഷാപഠനം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികളുടെ കുറവ് കാരണം തസ്തിക നഷ്ടപ്പെട്ട ഭാഷാ അധ്യാപകരുടെ പുനര്‍വിന്യാസം ഭാഷാപഠനം പ്രതിസന്ധിയിലാക്കി. അറബി, ഉര്‍ദു, സംസ്കൃതം ഭാഷകളുടെ പഠനമാണ് അവതാളത്തിലായത്. എല്‍.പി സ്കൂളുകളില്‍ നാല് ക്ളാസുകളിലായി 28കുട്ടികള്‍ ഉണ്ടെങ്കിലാണ് ഫുള്‍ടൈം ഭാഷാ അധ്യാപക തസ്തിക അനുവദിക്കുക. എന്നാല്‍, ഓരോ ക്ളാസിലും ആറുവീതം മൊത്തം 24 കുട്ടികള്‍ ഭാഷ പഠിക്കാനുണ്ടെങ്കിലും തസ്തിക അനുവദിക്കില്ല. ഇത്തരം സ്കൂളുകളിലെ പഠനമാണ് മുടങ്ങുന്നത്. പത്തിലധികം വിദ്യാര്‍ഥികള്‍ ഭാഷ പഠിക്കുന്ന നിരവധി വിദ്യാലയങ്ങള്‍ സംസ്ഥാനത്തുണ്ട്.

ഇവിടങ്ങളിലെ അധ്യാപകരെ പുനര്‍വിന്യസിച്ചതിനാല്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷക്ക് തയാറെടുത്ത വിദ്യാര്‍ഥികളുടെ പരീക്ഷയും മുടങ്ങുന്ന അവസ്ഥയാണ്. ഡ്രോയിങ്, തുന്നല്‍, ക്രാഫ്റ്റ് തുടങ്ങിയ സ്പെഷലിസ്റ്റ് അധ്യാപകരെ തൊട്ടടുത്ത വിദ്യാലയവുമായി പൂള്‍ ചെയ്ത് മാതൃവിദ്യാലയത്തില്‍ നിലനിര്‍ത്തിയതുപോലെ ഭാഷാ അധ്യാപകരെയും നിലനിര്‍ത്തിയിരുന്നെങ്കില്‍ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് ഭാഷാധ്യാപകസംഘടനകളുടെ അഭിപ്രായം. 2015-16 വര്‍ഷത്തെ മാതൃകയിലാണ് ഈ വര്‍ഷവും തസ്തിക നിര്‍ണയിക്കുന്നത്. അതിനാല്‍ 2016-17അധ്യയനവര്‍ഷം കുട്ടികള്‍ വര്‍ധിച്ച സ്കൂളുകളിലെ ഭാഷാധ്യാപകരെയും പുനര്‍വിന്യാസപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തസ്തികക്ക് ആവശ്യമായ കുട്ടികളുള്ള വിദ്യാലയത്തിലെ പഠനം മുടങ്ങുന്ന രീതിയിലാണ് പുനര്‍വിന്യാസമെന്ന് ആക്ഷേപമുണ്ട്. കുട്ടികളുടെ കുറവ് മൂലം അടച്ചുപൂട്ടല്‍ ഭീഷണിയിലായ സ്കൂളുകളില്‍നിന്ന് ഭാഷ പഠിക്കാന്‍ കഴിയാത്തതിന്‍െറ പേരില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.  ഈ വര്‍ഷം വിരമിക്കുന്ന മുതിര്‍ന്ന അധ്യാപകരെ ദൂരസ്ഥലങ്ങളിലെ സ്കൂളുകളിലേക്ക് സ്ഥലംമാറ്റിയതായും പരാതിയുണ്ട്. അധ്യാപകരുടെ വീടുള്ള വിദ്യാഭ്യാസ ഉപജില്ലയിലേക്ക് വിന്യസിക്കുമെന്ന ഉറപ്പ് പാലിച്ചില്ല. വടക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ ജില്ലക്ക് പുറത്താണ് തസ്തിക നഷ്ടമായ ഭാഷാ അധ്യാപകരില്‍ പലരെയും പുനര്‍വിന്യസിക്കുന്നത്. വിരമിക്കാറായ അധ്യാപകരെ പുനര്‍വിന്യാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും വിമര്‍ശവിധേയമായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.