സിവില്‍ സപ്ലൈസില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ തസ്തിക അലങ്കാരമായി

മലപ്പുറം: സിവില്‍ സപൈ്ളസ് ഉത്തരമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ തസ്തികയില്‍ ഒരാഴ്ചത്തേക്ക് നിയമിതനായ ഉദ്യോഗസ്ഥന്‍ ബുധനാഴ്ച പടിയിറങ്ങിയതോടെ വീണ്ടും നാഥനില്ലാത്ത അവസ്ഥ. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കുടിയിരുത്താനുള്ള തസ്തികയായി മാറിയിരിക്കയാണ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സ്ഥാനം. ഇതിനായി വിലപേശലും രാഷ്ട്രീയ സ്വാധീനവും ശക്തമാണ്. വിരമിക്കുന്ന കാലത്ത് ഈ തസ്തികയില്‍ എത്തിയാല്‍ പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നതാണ് തസ്തികയെ ആകര്‍ഷകമാക്കുന്നത്. ദിവസങ്ങള്‍ക്ക് മാത്രമായി നിയമനം നടക്കുന്ന അവസ്ഥ വര്‍ഷങ്ങളായി തുടരുകയാണ്.

അതേസമയം, ഏഴ് ജില്ലകളുടെ ഡി.എസ്.ഒമാരെയടക്കം നിയന്ത്രിക്കേണ്ടതും പരിശോധനകള്‍ക്ക് നേതൃത്വം കൊടുക്കേണ്ടതുമായ ഡെപ്യൂട്ടി കണ്‍ട്രോളര്‍ തസ്തിക വിലപേശല്‍ കസേരയാക്കിയതില്‍ വകുപ്പിനകത്തുതന്നെ പ്രതിഷേധം ശക്തമാണ്. ആഗസ്റ്റ് 25നാണ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ തസ്തികയില്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചത്. ഒരാഴ്ചക്കുശേഷം ബുധനാഴ്ച വിരമിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ വിരമിച്ച ശേഷം ഏഴ് മാസത്തോളം കസേര ഒഴിച്ചിടുകയായിരുന്നു. വിവിധ ജില്ലകളിലെ ഡി.എസ്.ഒമാര്‍ക്കായിരുന്നു ഡെപ്യൂട്ടി കണ്‍ട്രോളറുടെ ചുമതല നല്‍കിയത്. ഡി.എസ്.ഒ തസ്തിക വരെയാണ് പ്രമോഷന്‍ പോസ്റ്റുള്ളത്. ഡെപ്യൂട്ടി കണ്‍ട്രോളര്‍ സെലക്ഷന്‍ പോസ്റ്റായതിനാലാണ് തസ്തികക്കായി പിടിവലി നടക്കുന്നത്.

ഉദ്യോഗസ്ഥനെ കണ്ടത്തെിയ ശേഷം വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി (ഡി.പി.സി) ചേര്‍ന്ന് അംഗീകാരം നല്‍കുകയാണ് പതിവ്. സീനിയോറിറ്റി അനുസരിച്ചാണ് നിയമനമെങ്കില്‍ ഒരാഴ്ച മുമ്പ് നിയമിച്ച ഉദ്യോഗസ്ഥനെ മാസങ്ങള്‍ക്കുമുമ്പുതന്നെ നിയമിക്കാമായിരുന്നു. മാത്രമല്ല, പ്രമോഷന്‍ ഉത്തരവ് വെബ്സൈറ്റില്‍ ഇടാതെ ഒളിച്ചുവെക്കുകയും ചെയ്തു. നേരത്തേ ഒരു ദിവസം മാത്രം തസ്തികയില്‍ ജോലിചെയ്ത് വിരമിച്ച ഉദ്യോഗസ്ഥയുമുണ്ടായിരുന്നു.

ചുരുങ്ങിയ ദിവസം മാത്രം ഡെപ്യൂട്ടി കണ്‍ട്രോളറെ നിയമിക്കുന്നതിന് പിന്നില്‍ വിപണിയിലെ പരിശോധന ദുര്‍ബലപ്പെടുത്താനുള്ള ലോബിയുടെ സ്വാധീനമുള്ളതായും ആരോപണമുണ്ട്. ദക്ഷിണ മേഖലയിലെ ഏഴ് ജില്ലകളില്‍ പരിശോധനക്ക് മേല്‍നോട്ടം വഹിക്കാന്‍ കൊല്ലം കേന്ദ്രമാക്കിയും ഉത്തരമേഖലയിലെ ജില്ലകള്‍ക്കായി കോഴിക്കോട് കേന്ദ്രമാക്കിയുമാണ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ തസ്തികയുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.