കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറയും മക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സ് സ്പെഷല്‍ സെല്‍ റെയ്ഡ്. വസ്തു ഇടപാടുകളുടെയും മറ്റും രേഖകളും എട്ടുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച പരിശോധന വൈകുന്നേരം മൂന്നുവരെ നീണ്ടു. ബാബുവിനും ബിനാമികളെന്ന് അന്വേഷണസംഘം സംശയിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ ആറ് മുതല്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ 10 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. വിജിലന്‍സ് എറണാകുളം സെല്ലാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. റെയ്ഡ് നടക്കുമ്പോള്‍ ബാബുവും ഭാര്യയും വീട്ടിലുണ്ടായിരുന്നു. റെയ്ഡിന്‍െറ ഭാഗമായി രണ്ട് ബാങ്ക് ലോക്കറുകളും അഞ്ച് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തു. ബാബുവിന്‍െറയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ളതാണ് ഈ അക്കൗണ്ടുകള്‍. മക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറുകളാണ് മരവിപ്പിച്ചത്. ബാബുവിന്‍െറ തൃപ്പൂണിത്തുറയിലെ വീട്, മൂത്തമകള്‍ ആതിരയുടെ തൊടുപുഴയിലെ ഭര്‍തൃവീട്, ഇവരുടെ ടൈല്‍ ഫാക്ടറിയുടെ ഓഫിസ്, ഇളയമകള്‍ ഐശ്വര്യയുടെ പാലാരിവട്ടത്തെ വീട്, ബാബുവിന്‍െറ സുഹൃത്തുക്കളായ ബാബുറാം, മോഹനന്‍, നന്ദകുമാര്‍, തോപ്പില്‍ ഹരി, ജോജി എന്നിവരുടെ എറണാകുളം കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വീടുകള്‍, ബാബുറാമിന്‍െറ ഓഫിസ് തുടങ്ങിയിടങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്.
ബാബുവിന്‍െറ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തമിഴ്നാട് തേനി ആണ്ടിപ്പെട്ടിയില്‍ 120 ഏക്കര്‍ വാങ്ങിയതിന്‍െറ രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. മോഹനന്‍െറ വീട്ടില്‍നിന്ന് 6,60,000 രൂപയും പിടിച്ചെടുത്തു. ആതിരയുടെ തൊടുപുഴയിലെ വീട്ടില്‍നിന്ന് ഭൂമി ഇടപാടിന്‍െറ രേഖകളും കണ്ടെടുത്തു. മോഹനനും ബാബുറാമും ബാബുവിന്‍െറ ബിനാമികളാണെന്നാണ് വിജിലന്‍സ് ആരോപണം. വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി വി.എന്‍. ശശിധരന്‍െറ നേതൃത്വത്തില്‍ രണ്ട് ഡിവൈ.എസ്.പിമാരും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ ഏഴ് വിജിലന്‍സ് സംഘങ്ങളാണ് പരിശോധന നടത്തിയത്. മൂന്നുമാസമായി ബാബു വിജിലന്‍സിന്‍െറ നിരീക്ഷണത്തിലായിരുന്നു. 2011 മുതല്‍ അഞ്ചുവര്‍ഷം യു.ഡി.എഫ് മന്ത്രിസഭയില്‍ എക്സൈസ് വകുപ്പിന്‍െറ ചുമതല വഹിച്ചിരുന്ന അദ്ദേഹം സംസ്ഥാനത്തിന് അകത്തും പുറത്തുമായി കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് സ്പെഷല്‍ സെല്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആഗസ്റ്റ് 31ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബാബുവിന് എതിരായ ആരോപണങ്ങള്‍ ഇങ്ങനെ
കെ. ബാബുവിന് എതിരെ വിജിലന്‍സിന് മുമ്പാകെയുള്ള ആരോപണങ്ങള്‍ നൂറുകോടിയുടേത്. ഒന്നരമാസം മുമ്പ് വിജിലന്‍സ് ത്വരിത പരിശോധന നടത്തിയശേഷം മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്‍െറ കാലത്ത് നടത്തിയ അന്വേഷണത്തില്‍ ബാബുവിനെ ‘കുറ്റവിമുക്തനാക്കി’യിരുന്നു. അതിനുശേഷം ഇടതുമുന്നണി അധികാരത്തിലത്തെി വീണ്ടും നടത്തിയ അന്വേഷണത്തിലാണ് യു.ഡി.എഫ് സര്‍ക്കാരിന്‍െറ കാലത്ത് ബാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളില്‍ നൂറ് കോടി രൂപയുടെയെങ്കിലും അഴിമതി നടന്നതായി സംശയമുയര്‍ന്നത്.
അതിലെ പ്രധാന ആരോപണങ്ങള്‍ ഇങ്ങനെ: ബാര്‍ ലൈസന്‍സ് അനുവദിച്ചതിലും ചില അപേക്ഷകള്‍ നിരസിച്ചതിലും മറ്റുചിലത് അനിശ്ചിതമായി വൈകിച്ചതിലുമെല്ലാം അഴിമതി നടന്നിരിക്കാനുള്ള സാധ്യതയുണ്ട്. ചില ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് അപേക്ഷയില്‍ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു. മറ്റ് ചില ഹോട്ടലുകളുടെ അപേക്ഷ കാരണമില്ലാതെ അനിശ്ചിതമായി പിടിച്ചുവെച്ചു. ഇത്തരം സമീപനങ്ങള്‍ക്ക് പിന്നില്‍ ബാര്‍ ഹോട്ടല്‍ ഉടമാ സംഘത്തതിന്‍െറ ഇടപെടല്‍ ഉണ്ടായിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്‍െറ അവസാനകാലത്തെ മദ്യനയമനുസരിച്ച് പത്ത് ശതമാനം ബിവറേജസ് വില്‍പനശാലകള്‍ പൂട്ടുന്ന കാര്യത്തിലും ബാര്‍ ഹോട്ടല്‍ ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുന്ന നീക്കങ്ങളുണ്ടായി. യു.ഡി.എഫ് മന്ത്രിസഭയില്‍ അഞ്ചുവര്‍ഷം എക്സൈസ് വകുപ്പിന്‍െറ ചുമതല വഹിച്ചിരുന്ന കെ. ബാബു ബാര്‍ ഹോട്ടല്‍ ഉടമകള്‍ക്കായി അധികാരം ദുര്‍വിനിയോഗം ചെയ്തു. മുമ്പ് എക്സൈസ് കമ്മീഷണര്‍ക്കായിരുന്നു ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അധികാരം. ഈ അധികാരം മന്ത്രിയിലേക്ക് മാറ്റിയതിന് പിന്നിലും അഴിമതി സാധ്യതയുണ്ട്.
201116 കാലയളവിലെ ബാര്‍ ലൈസന്‍സ് അപേക്ഷകളും അനുമതി നല്‍കിയതിന്‍െറ വിശദാംശങ്ങളുമടങ്ങിയ ഫയലുകള്‍ വിജിലന്‍സ് പരിശോധിച്ചു. ഈ കാലയളവില്‍ വിദേശമദ്യ ബാര്‍ ലൈസന്‍സ് അനുവദിച്ച് കിട്ടുന്നതിനായി 94 അപേക്ഷകളും ബിയര്‍വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച് കിട്ടുന്നതിനായി നൂറ് അപേക്ഷകളുമാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്‍െറ കാലത്ത് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് രണ്ടുതരം സമീപനമാണ് സ്വീകരിച്ചിരുന്നത്. ചില അപേക്ഷകളില്‍ മിന്നല്‍ വേഗത്തില്‍ തീരുമാനമായപ്പോള്‍ മറ്റുചില അപേക്ഷകളില്‍ ഒച്ചിഴയും വേഗത്തിലായിരുന്നു നടപടി. അപേക്ഷ ലഭിച്ച അന്നുതന്നെ ലൈസന്‍സ് അനുവദിച്ച സംഭവങ്ങളും മൂന്നുമാസത്തിലധികം ഫയല്‍ പിടിച്ചുവെച്ച സംഭവങ്ങളുമുണ്ട്. തീരുമാനം വൈകിക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഫയലില്‍ രേഖപ്പെടുത്തതിയിട്ടുമില്ല.രൂപീകരിച്ചിട്ടില്ലാത്ത കമ്പനികളുടെ പേരില്‍ ബാര്‍ ലൈസന്‍സ അനുവദിക്കുകയും ചെയ്തു.
യു.ഡി.എഫ് സര്‍ക്കാരിന്‍െറ മദ്യനയമനുസരിച്ച് പത്തുവര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധം നടപ്പാക്കുന്നതിന്‍െറ ഭാഗമായി ബിവറേജസ് കോര്‍പറേഷന്‍െറ വില്‍പനശാലകളില്‍ പത്ത് ശതമാനം ഓരോ വര്‍ഷവും പൂട്ടണമായിരുന്നു. ,ഏതൊക്കെ വില്‍പനശാലകള്‍ പൂട്ടണമെന്ന് തീരുമാനിക്കാന്‍ ബവിറേജസ് ഫിനാന്‍സ് മാനേജര്‍ ബി.എസ് അശോക്, ജനറല്‍ മാനേജര്‍ എ. മുസ്തഫ കമാല്‍ പാഷ, ഇന്‍േറണല്‍ ഓഡിറ്റര്‍ എ.എസ് സുനില്‍ കുമാര്‍, കണ്‍സള്‍ട്ടന്‍റ് പി. മുകുന്ദലാല്‍, കമ്പനി സെക്രട്ടറി ജോണ്‍ ജോസഫ് എന്നിവരടങ്ങിയ സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ച് ആദ്യവര്‍ഷം പൂട്ടേണ്ട 34 വില്‍പനശാലകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഈ പട്ടികയിലും മന്ത്രി വെട്ടിത്തിരുത്തി. ദേശീയ പാതക്കരുകിലുള്ള പത്ത് ശതമാനം വില്‍പനശലാകള്‍ പൂട്ടണമെന്ന ഹൈകോടതി നിര്‍ദ്ദേശത്തിന്‍െറ ഭാഗമായി തയാറാക്കിയ12 വില്‍പന ശാലകളുടെ പട്ടികയിലും മന്ത്രി തിരുത്തല്‍ വരുത്തി. പൂട്ടേണ്ട വില്‍പനശാലകളുടെ പട്ടികകളില്‍ മാറ്റം വരുത്തിയതിന് പ്രത്യേക കാരണങ്ങളൊന്നും മന്ത്രി വിശദീകരിച്ചിരുന്നില്ല. തന്‍െറ സുഹൃത്തുക്കളുടെയും ബാര്‍ ഹോട്ടല്‍ ഉടമകളുടെയും ബിനാമികളുടെയുമൊക്കെ താല്‍പര്യം സംരക്ഷിക്കാനാണ് മന്ത്രി ഇങ്ങനെ മാറ്റം വരുത്തിയതെന്നാണ് വിജിലന്‍സ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.