വയനാട്ടിലെ ബഹുനില കെട്ടിട നിര്‍മാണം: കലക്ടറുടെ ഉത്തരവ് പുന:സ്ഥാപിച്ചു

കല്‍പറ്റ: വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മാണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി 2015 ജൂണ്‍ 30ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ അന്നത്തെ  കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് ദുര്‍ബലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. വയനാട് പ്രകൃതി സംരക്ഷണ സമിതിക്കുവേണ്ടി പ്രസിഡന്‍റ് എന്‍. ബാദുഷ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം. സന്താന ഗൗഡര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍േറതാണ് ഇടക്കാല ഉത്തരവ്.

വയനാട്ടില്‍ സംഭവിക്കാനിടയുള്ള പാരിസ്ഥിതിക ദുരന്തങ്ങള്‍ കണക്കിലെടുത്താണ്, 2005ലെ ദുരന്തനിവാരണ നിയമത്തിലെ 30(2)(4), 30(2)(5) വകുപ്പുകള്‍ പ്രകാരം കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ദുര്‍ബലപ്പെടുത്തിയതിനത്തെുടര്‍ന്ന് പുനരാരംഭിച്ചതും തുടങ്ങിയതുമായ നിര്‍മാണങ്ങള്‍ ഹൈകോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കേണ്ടിവന്നേക്കും.

സമുദ്രനിരപ്പില്‍നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വയനാട്ടില്‍ റിയല്‍ എസ്റ്റേറ്റ്-റിസോര്‍ട്ട് മാഫിയ പരിസ്ഥിതി ലോല പ്രദേശങ്ങളിലടക്കം ബഹുനില കെട്ടിട നിര്‍മാണം വ്യാപകമാക്കിയ സാഹചര്യത്തിലായിരുന്നു കലക്ടറുടെ ഉത്തരവ്. ഇതനുസരിച്ച് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ അഞ്ചിലും (15 മീറ്റര്‍ ഉയരം) വൈത്തിരി പഞ്ചായത്ത് ഉള്‍പ്പെടുന്ന കുന്നത്തിടവക വില്ളേജില്‍ രണ്ടിലും (എട്ട് മീറ്റര്‍) മറ്റു പ്രദേശങ്ങളില്‍ മൂന്നിലും (10 മീറ്റര്‍) കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായിരുന്നു നിയന്ത്രണം. കലക്ടറുടെ ഉത്തരവ് വയനാട്ടുകാര്‍ സ്വാഗതം ചെയ്തെങ്കിലും ബഹുനില കെട്ടിടനിര്‍മാണം നടത്തുന്ന, ഭൂരിപക്ഷവും ഇതര ജില്ലക്കാരടങ്ങിയ റിയല്‍ എസ്റ്റേറ്റ് ലോബി ശക്തമായ എതിര്‍പ്പുമായി രംഗത്തത്തെി. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലെ ചില മന്ത്രിമാരെ സമ്മര്‍ദവും സ്വാധീനവുമുപയോഗിച്ച് കൂട്ടുപിടിച്ചാണ് ഒടുവില്‍ 2015 നവംബര്‍ 20ന് കലക്ടറുടെ ഉത്തരവ് ദുര്‍ബലപ്പെടുത്തിയത്.

2015 മേയ് 27നും ജൂണ്‍ 17നും ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗങ്ങളിലായിരുന്നു കെട്ടിടനിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം. നിര്‍മാണത്തിന് നേരത്തേ അനുമതി ലഭിച്ചവര്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാക്കിയിരുന്നു. ഓരോ പ്രദേശത്തും നടന്നുവരുന്ന നിര്‍മാണങ്ങള്‍ നിശ്ചിത ഉയരത്തിനു മുകളിലെങ്കില്‍ നിര്‍ത്തിവെക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

 വൈത്തിരിയും ലക്കിടിയും അടക്കമുള്ള സ്ഥലങ്ങളില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കുവേണ്ടി കലക്ടറുടെ ഉത്തരവ് ദുര്‍ബലപ്പെടുത്തിയ സര്‍ക്കാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇത്തരം ഉത്തരവുകള്‍ പാസാക്കേണ്ടതില്ളെന്ന നിലപാടും സ്വീകരിച്ചു. നിലവിലെ മുനിസിപ്പല്‍, ഗ്രാമപഞ്ചായത്ത് കെട്ടിടനിര്‍മാണ നിയമങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതാണ് അഭികാമ്യം എന്നും അന്നത്തെ സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രകൃതി സംരക്ഷണ സമിതി ഹൈകോടതിയെ സമീപിച്ചത്. വയനാടിന്‍െറ നിലനില്‍പിനുവേണ്ടി കലക്ടര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാറിന് അധികാരമില്ളെന്ന് പ്രകൃതി സംരക്ഷണ സമിതി ഹരജിയില്‍ ഉന്നയിച്ചു.
വയനാടിന്‍െറ ഭൂഘടന സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷനല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, എന്‍.ഐ.ടി കോഴിക്കോട്, ഇന്ത്യന്‍ ജിയോലിത്തിക് കോണ്‍ഫറന്‍സ് എന്നിവ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും സമിതി കോടതിയില്‍ ഹാജരാക്കി. 

വയനാടിനെ കാക്കാന്‍ നിയന്ത്രണം കര്‍ശനമാക്കണം

വയനാടിന്‍െറ മണ്ണിനെയും മനുഷ്യരെയും കാലാവസ്ഥയെയും കാക്കാന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ് പ്രകൃതി സംരക്ഷണ സമിതി നിലപാട്. ഊട്ടി അടക്കമുള്ള സ്ഥലങ്ങളില്‍ നാട്ടുകാരുടെ സഹകരണത്തോടെ ഇത്തരം  നിയന്ത്രണങ്ങള്‍ എതിര്‍പ്പുകളില്ലാതെ നടപ്പാക്കുന്നതും സമിതി ചൂണ്ടിക്കാട്ടുന്നു. വയനാട്ടില്‍ ഇവിടെ വസിക്കുന്നവരല്ല, പുറത്തുനിന്നുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളിലടക്കം തോന്നുംപോലെ കെട്ടിങ്ങള്‍ നിര്‍മിക്കണമെന്ന് വാദിക്കുന്നത്.

ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ മൂന്നുനിലകളില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് അനുമതി നല്‍കരുതെന്നാണ് പ്രകൃതി സംരക്ഷണ സമിതിയുടെ ആവശ്യം. മേപ്പാടി, വൈത്തിരി, തരിയോട് പഞ്ചായത്തുകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ രണ്ടുനിലകളില്‍ കൂടുതലുള്ള നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുക, പശ്ചിമഘട്ടത്തിന്‍െറ കിഴക്കന്‍ ചരിവുകളിലുള്ള ലോലപ്രദേശങ്ങളില്‍ എല്ലാത്തരം നിര്‍മാണവും നിരോധിക്കുക, ഇതിനുതകുന്ന വിധത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.