ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ആയുധ പരിശീലനം നടത്തിയാൽ തടയും – കോടിയേരി

പത്തനംതിട്ട: ക്ഷേത്രങ്ങളുടെ പരിസരത്ത് ആര്‍.എസ്.എസുകാര്‍ ശാഖാ പ്രവര്‍ത്തനം നടത്തിയാല്‍ അവിടെ സി.പി.എമ്മിന്‍െറ റെഡ് വളന്‍റിയര്‍മാര്‍ പരേഡ് നടത്തി പ്രതിരോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ട പുതിയ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണനും സഹപ്രവര്‍ത്തകര്‍ക്കും സി.പി.എം അംഗത്വം നല്‍കുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് ക്ഷേത്രപരിസരത്ത് ശാഖ നടത്തിയാല്‍ മുസ്ലിം പള്ളികള്‍ ഐ.എസ് കൈയേറും. ഇത് കേരളത്തില്‍ വര്‍ഗീയത സൃഷ്ടിക്കും. ക്ഷേത്രപരിസരം രാഷ്ട്രീയക്കാര്‍ക്കുള്ളതല്ല, അത് പൂര്‍ണമായും വിശ്വാസികളുടേതാണ്. അവിടെ ശാഖ നടത്താനുള്ള നീക്കം വിശ്വാസികള്‍ എതിര്‍ത്ത് തോല്‍പിക്കണം. ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കും. ബി.ജെ.പിയുമായി ഒരു ബന്ധവുമില്ളെന്നാണ് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. അത് നല്ല നിലപാടാണ്. ബി.ഡി.ജെ.എസ് നേതാക്കള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ അത് സി.പി.എമ്മിന്‍െറ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും കോടിയേരി പറഞ്ഞു.

ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള മുന്‍ സര്‍ക്കാറിന്‍െറ അനുമതി റദ്ദാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ നിറവേറ്റി. വ്യവസായ മേഖല പ്രഖ്യാപനവും എടുത്തുകളയുമെന്ന തീരുമാനമാണ് സര്‍ക്കാറിന്‍േറത്. എന്നാല്‍, ബി.ജെ.പി പൂര്‍വാധികം ശക്തിയോടെ വിമാനത്താവള പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. കെ. അനന്തഗോപന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കെ. ഉണ്ണികൃഷ്ണപിള്ള, എ. പത്മകുമാര്‍, എ. സനല്‍കുമാര്‍, രാജു എബ്രഹാം, വീണ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.