നിബിഡവനത്തിലേക്ക് നിര്‍ബാധ യാത്രയും വെടിയിറച്ചിയും

വന്യമൃഗങ്ങളെ ശല്യം ചെയ്യുന്നതും വേട്ടയാടുന്നതുമെല്ലാം കുറ്റകരമാണെന്ന് വയനാട്ടിലെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. വനം വകുപ്പിന്‍െറ അനുമതിയില്ലാതെ വനത്തിലേക്ക് പ്രവേശിക്കാനും പാടില്ല. ഈ നിയമങ്ങളൊക്കെ ജില്ലയിലെ വനത്തോട് ചേര്‍ന്ന, വന്യമൃഗശല്യംകാരണം പൊറുതി മുട്ടുന്ന കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുണ്ടാക്കിയതാണ്. റിസോര്‍ട്ട് ഉടമകള്‍ക്കോ ഹോംസ്റ്റേ നടത്തിപ്പുകാര്‍ക്കോ ഇതൊന്നും ബാധകമല്ല.

പടിഞ്ഞാറത്തറയിലെ ഒരു റിസോര്‍ട്ട് അവരുടെ ബ്രോഷറില്‍ നല്‍കിയിരിക്കുന്ന വിനോദ പരിപാടികള്‍, കോളനി സന്ദര്‍ശനം, വനത്തിലേക്ക് ലഘു കാല്‍നടയാത്ര, വനത്തിലേക്ക് ട്രക്കിങ് തുടങ്ങിയവയാണ്. മറ്റൊരു റിസോര്‍ട്ട് അവരുടെ ഏറ്റവും വലിയ ആകര്‍ഷണമായി പറഞ്ഞിരിക്കുന്നത് ഉള്‍വനത്തിലേക്കുള്ള ട്രക്കിങ്ങാണ്. വിനോദസഞ്ചാരികള്‍ക്ക് വനത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന രണ്ടിടം മാത്രമാണ് നിലവില്‍ ജില്ലയിലുള്ളത്. ഒന്ന് മുത്തങ്ങ വന്യജീവി സങ്കേതവും രണ്ടാമത്തേത് തോല്‍പ്പെട്ടി വന്യജീവി സങ്കേതവുമാണ്. ബാണാസുരന്‍ മലയിലെ കാടുകളിലേക്ക് പ്രവേശിക്കുന്നതിന് വനം വകുപ്പ് ഒരു അനുമതിയും നല്‍കിയിട്ടില്ളെന്നിരിക്കെയാണ് ഉള്‍വനത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശം വാഗ്ദാനം ചെയ്യുന്നത്.

വനത്തിലേക്ക് ട്രക്കിങ് വാഗ്ദാനം ചെയ്ത് റിസോര്‍ട്ട് നല്‍കുന്ന ബ്രോഷര്‍, ബോര്‍ഡ് (ഈ ബോര്‍ഡ് പിന്നീട് മാറ്റിസ്ഥാപിച്ചു)
 


പല റിസോര്‍ട്ടുകളും വനം വകുപ്പിന്‍െറ അറിവോടെതന്നെയാണ് വനത്തിനുള്ളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. തിരുനെല്ലിയില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ജംഗിള്‍ റിട്രീറ്റ് റിസോര്‍ട്ട് അതിഥികളേയും കൊണ്ട് വാഹനത്തില്‍ വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നത് ദൃശ്യങ്ങള്‍ സഹിതം പുറത്തുവരുകയും തുടര്‍ന്ന് വനം വകുപ്പ് കേസെടുക്കുകയും ചെയ്തു. പ്രാഥമികാന്വേഷണത്തിന് ശേഷം റിസോര്‍ട്ട് അടിയന്തരമായി അടച്ചുപൂട്ടാനും തിരുനെല്ലി പഞ്ചായത്തിലെ എല്ലാ റിസോര്‍ട്ടുകളും ഒരു മാസത്തിനുള്ളില്‍ വനം വകുപ്പിന്‍െറ നിരാക്ഷേപ പത്രം എടുത്തില്ളെങ്കില്‍ അടച്ചുപൂട്ടുന്നതിനും നോര്‍ത് വയനാട് ഡി.എഫ്.ഒ ഉത്തരവിടുകയും ചെയ്തു.

തിരുനെല്ലി പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ വിലയിരുത്തിയെങ്കിലും വനംവകുപ്പിന്‍െറ സ്റ്റോപ് മെമ്മോ നടപ്പാക്കാന്‍ തങ്ങള്‍ക്ക് ബാധ്യത ഇല്ളെന്നായിരുന്നു അന്നത്തെപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വിശദീകരണം. റിസോര്‍ട്ടുകളില്‍ വളരെ രഹസ്യമായി മാനിന്‍േറയും കാട്ടുമുയലിന്‍േറയുമെല്ലാം ഇറച്ചി നല്‍കുന്നുണ്ട്. ആഗസ്റ്റ് 26ന് നൂല്‍പ്പുഴ ചെട്ട്യാലത്തൂരിനടുത്തുവെച്ച് പിടിയിലായ വേട്ടസംഘത്തില്‍ ചിലര്‍ സ്ഥിരമായി മാനിനെയും മറ്റു മൃഗങ്ങളേയും റിസോര്‍ട്ടുകളില്‍ എത്തിക്കുന്നുണ്ടെന്ന് സമ്മതിച്ചിരുന്നു. പുല്‍പള്ളിയില്‍ ആനയെ കൊന്ന സംഘവും റിസോര്‍ട്ടുകള്‍ക്ക് വെടിയിറച്ചി എത്തിച്ചുനല്‍കുന്നവരാണ്. ചെട്ട്യാലത്തൂരില്‍ പിടിയിലായ വേട്ടക്കാര്‍ ജംഗിള്‍ ഡേയ്സ് ഫാം ഹൗസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്.

ലക്ഷങ്ങള്‍ മറിയുന്ന ശീട്ടുകളിയും നിയമവിരുദ്ധമായ മറ്റ് പല കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ടെന്ന് നാട്ടുകാരുടെ ഇടയില്‍നിന്ന് ഏറെക്കാലം മുമ്പേ പരാതി ഉയര്‍ന്നിരുന്നു. കുപ്പാടി നാലാം മൈലില്‍ കാട്ടാനയെ വെടിവെച്ച് കൊന്നവര്‍ക്ക് റിസോര്‍ട്ട് മാഫിയയുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. ഫോറസ്റ്റ് ചെക്പോസ്റ്റില്‍ നിന്ന് അധികം ദൂരെയല്ലാതെ ഒരു തെളിവും അവശേഷിപ്പിക്കാതെ ആനയെ ഒറ്റവെടിക്ക് കൊന്നുവെന്നത് അതിവിദഗ്ധരായ വേട്ടസംഘം വയനാടന്‍ കാടുകളില്‍ ഇപ്പോഴും വിലസുന്നുവെന്നതിന് തെളിവാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ അറിവൊന്നും ലഭിക്കാത്തത് വനം വകുപ്പിന് വലിയ ക്ഷീണം ചെയ്യുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.