പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സ് ഫാക്ടറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍ അറസ്റ്റില്‍. സിമന്‍റ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ വന്‍തുകയുടെ ക്രമക്കേട് നടന്ന കേസിലെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. നേരത്തേ ത്വരിത പരിശോധന നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.
തലസ്ഥാനത്തായിരുന്ന പത്മകുമാര്‍ തിങ്കളാഴ്ച രാവിലെ വാളയാറിലെ ഫാക്ടറി ഓഫിസിലത്തെിയിരുന്നു. ഉച്ചയോടെ വിജിലന്‍സ് ഡിവൈ.എസ്.പി എം. സുകുമാരന്‍ അറിയിച്ചതനുസരിച്ച് പാലക്കാട് വിജിലന്‍സ് ഓഫിസില്‍ എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെ രാത്രി തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കേസുകളില്‍ എം.ഡിക്ക് പുറമെ മലബാര്‍ സിമന്‍റ്സിലെ വേറെയും ചില ഉദ്യോഗസ്ഥര്‍ പ്രതികളാണെങ്കിലും അവരുടെ അറസ്റ്റ് തിങ്കളാഴ്ചയുണ്ടായിട്ടില്ല. കെ. പത്മകുമാര്‍ ഉള്‍പ്പെടെ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ നാല് അഴിമതിക്കേസുകളാണ് പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്തിരുന്നത്.
2014-15ല്‍ ക്ളിങ്കര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എം.ഡി കെ. പത്മകുമാര്‍, മെറ്റീരിയല്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. നവശിവായം, മാനേജര്‍ ഫിനാന്‍സ് ഇന്‍ ചാര്‍ജ് കെ. നരേന്ദ്രനാഥന്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാക്കി രജിസ്റ്റര്‍ ചെയ്തതാണ് കേസുകളിലൊന്ന്.
2013-14ല്‍ സംസ്ഥാന അണ്ടര്‍ ടേക്കിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മറികടന്ന് സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്‍െറ ഗോഡൗണുകളില്‍ സിമന്‍റ് സൂക്ഷിച്ചതില്‍ 2.03 കോടിയുടെ നഷ്ടമുണ്ടായെന്നാണ് രണ്ടാമത്തെ കേസ്. എം.ഡി കെ. പത്മകുമാറിന് പുറമെ മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ ജി. വേണുഗോപാലും ഇതില്‍ പ്രതിയാണ്. 2010 മുതല്‍ 2015 വരെ അധികവില നല്‍കി ഫൈ്ളആഷ് വാങ്ങിയതില്‍ 18.77 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായ കേസില്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, എം.ഡി കെ. പത്മകുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. സിമന്‍റ്സ് ഡീലര്‍ഷിപ് അനുവദിച്ചതില്‍ മൂന്ന് കോടിയോളം രൂപ സ്ഥാപനത്തിന് നഷ്ടം വന്നെന്ന കേസില്‍ കെ. പത്മകുമാറിന് പുറമെ മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ വേണുഗോപാലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.