കോട്ടയം: സ്വകാര്യ ബാറ്ററി നിര്‍മാണ യൂനിറ്റിന് നികുതിയിളവ് നല്‍കിയെന്ന കേസില്‍ കെ.എം. മാണിയെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. മുന്‍കൂട്ടി കെ.എം. മാണിയില്‍നിന്ന് സമയം തേടിയ ശേഷമാകും ചോദ്യം ചെയ്യല്‍. പ്രത്യേക ചോദ്യാവലിയും തയാറാക്കുന്നതിന്‍െറ ഭാഗമായി വിവിധ രേഖകള്‍ വിജിലന്‍സ് പരിശോധിച്ചുവരുകയാണ്.
പരാതിക്കാരനായ പാലാ കീഴ്തടിയൂര്‍ സഹകരണബാങ്ക് പ്രസിഡന്‍റ് ജോര്‍ജ് സി. കാപ്പന്‍െറ മൊഴി ബുധനാഴ്ച കോട്ടയം വിജിലന്‍സ് രേഖപ്പെടുത്തി. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച ജോര്‍ജ് സി. കാപ്പന്‍ നികുതിയിളവ് നല്‍കിയതിലൂടെ മാണി കോടികളുടെ സാമ്പത്തികനേട്ടം സ്വന്തമാക്കിയതായും ചൂണ്ടിക്കാട്ടി. കെ.എം. മാണി ’65നുശേഷം സമ്പാദിച്ച സ്വത്തുവിവരങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും ഒരുവാരികയില്‍ കെ.എം. മാണിക്കെതിരെ വന്ന ലേഖനമാണ് പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ വിജിലന്‍സ് കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പി എസ്. അശോകകുമാറിന്‍െറ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിര്‍മാണ കമ്പനിയായ സൂപ്പര്‍ പിഗ്മെന്‍റ്സിന് 2015-16 ബജറ്റില്‍ അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണി മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയെന്നായിരുന്നു പരാതി. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയതോടെ മാണിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബാറ്ററി നിര്‍മാണ യൂനിറ്റ് ഉടമ ബെന്നി എബ്രഹാമാണ് രണ്ടാം പ്രതി. ഇയാളെ അടുത്തദിവസം ചോദ്യം ചെയ്യും.
ബാറ്ററികളുടെ നിര്‍മാണത്തിനുള്ള ലെഡ് ഓക്സൈഡിന് 12.5 മുതല്‍ 13.5 ശതമാനംവരെ നികുതി ഈടാക്കിക്കൊണ്ടിരിക്കെ 2013ലെ ബജറ്റില്‍ ബെന്നി എബ്രഹാമിന് നികുതി എട്ടര ശതമാനം കുറവ് വരുത്തിയെന്നാണ് വിജിലന്‍സ് കണ്ടത്തെല്‍.നാലുമുതല്‍ അഞ്ച് ശതമാനംവരെ നികുതിയിളവ് മുന്‍കാല പ്രാബല്യത്തോടെ നല്‍കിയതിലൂടെ ആറുവര്‍ഷം കൊണ്ട് ഖജനാവിനുണ്ടായ നഷ്ടം 1.66 കോടിയാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.