സെന്‍റ് തോമസ് കോളജ് ഭൂമിക്ക് പട്ടയം: കേസ് ഒക്ടോബര്‍ നാലിന് പരിഗണിക്കും

തൃശൂര്‍: തൃശൂര്‍ സെന്‍റ് തോമസ് കോളജിന് പാട്ടക്കുടിശ്ശിക എഴുതിത്തള്ളി ഭൂമി പതിച്ചുനല്‍കിയതില്‍ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്ന പരാതി പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി ഒക്ടോബര്‍ നാലിലേക്ക് മാറ്റി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന കെ.എം. മാണി, അടൂര്‍ പ്രകാശ് തുടങ്ങിയവരെ എതിര്‍കക്ഷിയാക്കി എടുത്ത കേസില്‍ വിജിലന്‍സ് ത്വരിതാന്വേഷണം പൂര്‍ത്തിയായിരുന്നു. ഭൂമി പതിച്ചുനല്‍കാന്‍ മന്ത്രിസഭയുടെ തീരുമാനം ഉണ്ടായിരുന്നോ എന്ന വിശദീകരണം ഹാജരാക്കാന്‍ നിര്‍ദേശിച്ചാണ് കേസ് മാറ്റിയത്. 2014 സെപ്റ്റംബര്‍ 23ന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട കേസ് പിന്നീട് ഇപ്പോഴാണ് പരിഗണിച്ചത്.

ഉമ്മന്‍ ചാണ്ടിയാണ് ഒന്നാം എതിര്‍കക്ഷി. കെ.എം. മാണിയും അടൂര്‍ പ്രകാശും രണ്ടും മൂന്നും എതിര്‍കക്ഷികളാണ്. മുന്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) വി. സോമസുന്ദരന്‍, മുന്‍ റവന്യൂ സെക്രട്ടറി നിവേദിത പി. ഹരന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ. മാജി, തൃശൂര്‍ മുന്‍ കലക്ടര്‍മാരായ പി.എം. ഫ്രാന്‍സിസ്, എം.എസ്. ജയ, മുന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ കെ.വി. സജന്‍, തൃശൂര്‍ മുന്‍ തഹസില്‍ദാര്‍ പോള്‍സണ്‍,  ചെമ്പൂക്കാവ് മുന്‍ വില്ളേജ് ഓഫിസര്‍ സണ്ണി ഡേവീസ്, കോളജ് മാനേജര്‍ റാഫേല്‍ തട്ടില്‍ എന്നിവരാണ് നാലുമുതല്‍ 12 വരെ എതിര്‍കക്ഷികള്‍. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ. കേശവദാസാണ് ഹരജിക്കാരന്‍. സര്‍ക്കാറിന് ലഭിക്കേണ്ട ഒമ്പതര കോടിയിലേറെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളിയെന്നും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ വിലമതിക്കുന്ന 1.19 ഏക്കര്‍ പതിച്ചുനല്‍കിയതിലൂടെ 38,92,10,101 രൂപ നഷ്ടം വരുത്തിയെന്നും അധികാര ദുര്‍വിനിയോഗം ചെയ്തെന്നുമാണ്  ആക്ഷേപം.  

പാട്ടക്കുടിശ്ശിക എഴുതിത്തള്ളി ഭൂമി പതിച്ചുനല്‍കുന്നത് സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന അക്കൗണ്ടന്‍റ് ജനറലിന്‍െറ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും ഹൈകോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും പാട്ടക്കുടിശ്ശിക എഴുതിത്തള്ളുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ലാന്‍ഡ് റവന്യൂ കമീഷണറുടെ റിപ്പോര്‍ട്ടും നിലനില്‍ക്കെയാണ് ഭൂമി പതിച്ചുനല്‍കിയതെന്ന് ഹരജിയില്‍ സൂചിപ്പിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞ് കരാര്‍ പുതുക്കാതെ അനധികൃതമായി കൈവശം വെച്ചുപോരുന്ന ഭൂമി സര്‍ക്കാറിലേക്ക് തിരിച്ചുപിടിക്കാന്‍ റവന്യൂ റിക്കവറി നടപടികള്‍ നടക്കുമ്പോഴാണ് വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെ ഭൂമി പതിച്ചുനല്‍കിയതെന്നും ഹരജിയില്‍ പറയുന്നു. 2014 സെപ്റ്റംബര്‍ 16നായിരുന്നു കോളജിന്‍െറ സ്വയംഭരണാവകാശ പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പങ്കെടുത്ത് പട്ടയം കൈമാറിയത്. അന്ന് ചടങ്ങില്‍ കലക്ടര്‍ പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.