മുഖ്യമന്ത്രി അറിയാന്‍, 55 സ്ത്രീകള്‍ പട്ടിണിസമരത്തിലാണ്....

തിരുവനന്തപുരം: ആലപ്പുഴ ദേശീയപാത ഉപരോധത്തെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ട 55 സ്ത്രീകള്‍ അട്ടക്കുളങ്ങര വനിതാ സബ് ജയിലില്‍ പട്ടിണിസമരം തുടരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും വിവിധ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളില്‍ (ഡി.ടി.പി.സി) നിന്നും പിരിച്ചുവിടപ്പെട്ട ശുചീകരണ തൊഴിലാളികളാണ് ഈ 55 പേര്‍.

വര്‍ഷങ്ങളായി കരാര്‍വ്യവസ്ഥയില്‍ ജോലിനോക്കിയിരുന്ന തൊഴിലാളികളെ രണ്ടുമാസം മുമ്പാണ് പിരിച്ചുവിട്ടത്. എംപ്ളോയ്മെന്‍റിലൂടെ മാത്രമേ നിയമനങ്ങള്‍ നടത്താനാകൂ എന്നുപറഞ്ഞായിരുന്നു നടപടി. നിലനില്‍പിന്‍െറ പ്രശ്നമായതിനാല്‍ ഈ സാധുക്കള്‍ മുട്ടാത്ത വാതിലുകളില്ല. തുടര്‍ന്ന്, ആഗസ്റ്റ് 31ന് ഇവര്‍ ആലപ്പുഴ ദേശീയപാത ഉപരോധിച്ചു.

അന്നേദിവസം കോഴിക്കോട് ഡി.ടി.പി.സി ഓഫിസിലേക്കും തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ചും സംഘടിപ്പിച്ചു.
ദേശീയപാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര ജയിലിലേക്ക് അയക്കുകയുമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ഇവരെ ജയിലില്‍ സന്ദര്‍ശിച്ച് വേണ്ട സഹായമെല്ലാം വാഗ്ദാനം ചെയ്തെങ്കിലും നടപടിയുണ്ടായില്ല.

റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ എന്തുചെയ്യുമെന്ന് ഇവര്‍ക്ക് നിശ്ചയമില്ല. ഇതോടെയാണ് നിരാഹാരസമരം ആരംഭിച്ചത്. അടുത്തബന്ധുക്കള്‍ക്കുപോലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ജയില്‍ അധികൃതര്‍. നാടെങ്ങും ഓണാഘോഷത്തിന്‍െറ ആവേശത്തിലമരുമ്പോഴും ജയിലഴിക്കുള്ളില്‍ പട്ടിണികിടക്കുകയാണ് ഈ 55 പേര്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്ന പ്രതീക്ഷമാത്രമാണ് ഇവര്‍ക്കുള്ളത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.