കോട്ടയം: സമയം രാവിലെ 10.45. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ കാത്തിരിക്കുകയാണ് ചാമക്കാലയില്‍ ഒരു ആള്‍ക്കൂട്ടം. നിമിഷങ്ങള്‍ പിന്നിടും മുമ്പെ വെളുത്ത ഇന്നോവയില്‍ വി.എം. സുധീരനത്തെി. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തില്‍  നടക്കുന്ന മണ്‍സൂണ്‍ മേള ഉദ്ഘാടനം ചെയ്യാനായിരുന്നു ആ വരവ്.

കാറില്‍നിന്ന് ഇറങ്ങിയ ഉടന്‍ ആള്‍ക്കൂട്ടത്തിനു പിന്നിലേക്ക് വി.എം. സുധീരന്‍ നീങ്ങി. തന്നെ കാത്തുനില്‍ക്കുന്ന കാളവണ്ടിയിലേക്കായിരുന്നു ആ നടത്തം. ആവേശത്തോടെയുള്ള ആ നടത്തം കാളവണ്ടിക്കരികിലേക്ക് എത്താറായതോടെ വേഗം കുറഞ്ഞു. കാളകളെയും കാളവണ്ടിയെയും കണ്ടപ്പോള്‍ ഒരു ആശങ്ക മുഖത്തു പടര്‍ന്നു. ഒപ്പം വന്നവര്‍ തിക്കിത്തിരക്കിയപ്പോള്‍ ‘ബഹളമുണ്ടാക്കല്ളേ കാള വിരളും’ ചിരിച്ചു കൊണ്ടൊരു മുന്നറിയിപ്പ് നല്‍കി’. പതുക്കെ കാളവണ്ടിയിലേക്ക് കയറി.

ചാട്ട കൈയില്‍ എടുത്തപ്പോള്‍ ‘ചുമ്മാതല്ല പാര്‍ട്ടി പ്രസിഡന്‍റാക്കിയതെന്ന്’ ആള്‍ക്കൂട്ടത്തില്‍നിന്നുയര്‍ന്ന ആ അശരീരി ചിരി പടര്‍ത്തി. കാളവണ്ടി നീങ്ങി തുടങ്ങിയതോടെ ആശങ്ക മുഖത്ത് വരിഞ്ഞുമുറുകിയെങ്കിലും പുറത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചു. ചാനല്‍ കാമറകള്‍ ഒപ്പം വന്നതോടെ മുഖത്തെ ഭാവങ്ങള്‍ മാറിമറിഞ്ഞു. അവസാനം സുധീരന്‍ തന്നെ പറഞ്ഞു, എന്തെങ്കിലും സംഭവിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. പിന്നീട് വരുന്നിടത്തുവെച്ചു കാണാമെന്ന് അങ്ങ് തീരുമാനിച്ചു. ആ യാത്ര വേദിക്കരികില്‍ അവസാനിച്ചപ്പോള്‍ ആശ്വാസത്തിന്‍െറ നിറചിരിയായിരുന്നു. അധ്യക്ഷനായി എത്തേണ്ട മോന്‍സ് ജോസഫ് എം.എല്‍.എ കാത്തിരുന്നെങ്കിലും എത്താന്‍ വൈകുമെന്നറിഞ്ഞതോടെ പരിപാടി തുടങ്ങി.

ജൈവകൃഷിയും ലഹരിയുമൊക്കെ പ്രസംഗത്തില്‍ വിഷയമായ അരമണിക്കൂര്‍ നീണ്ട പ്രസംഗം. അതോടെ അധ്യക്ഷനായ മോന്‍സ് ജോസഫ് എം.എല്‍.എ എത്തി. സ്വാഗതസംഘം യോഗത്തിലൊക്കെ പങ്കെടുത്തിട്ടും ഉദ്ഘാടന സമയം അറിയിച്ചില്ളെന്ന പരിഭവം മോന്‍സ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും ചേര്‍ന്നു ചൂണ്ടയിടല്‍ മത്സരം ഉദ്ഘാടനത്തിനായി തോട്ടിനരികിലേക്ക്. മുന്നണിവിട്ട് പോയ ആരെങ്കിലും ചൂണ്ടയില്‍ കൊരുക്കുമോ എന്ന് ചോദിച്ചപ്പോള്‍, രാഷ്ട്രീയം പറയുന്നില്ളെന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും എനിക്ക് ചൂണ്ടയിട്ട് പരിചയമില്ളെന്ന് കൂടി കൂട്ടിച്ചേര്‍ത്തു. അവസാനം ചൂണ്ടയിടല്‍ മത്സരം ഉദ്ഘാടനം ചെയ്യാനായി ചൂണ്ടയുമായി ഇരുവരും തോട്ടിനരികിലേക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.