ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണം –സമസ്ത

കോഴിക്കോട്: പരസ്പര സ്നേഹവും സൗഹൃദവും പങ്കിടലാണ് ആഘോഷങ്ങളുടെ ആത്മാവെന്നും ഓണം-വിഷു തുടങ്ങിയ ആഘോഷങ്ങളിലെ സന്തോഷങ്ങളില്‍ പങ്കുചേരുകയാണ് വേണ്ടതെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍. ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരരുതെന്ന് പറയുന്ന പ്രഭാഷകരെ നിരുത്സാഹപ്പെടുത്തണമെന്നും  സൗഹൃദം തുടരുവാന്‍ ഉദ്ബോധനം നടത്തണമെന്നും  അദ്ദേഹം വ്യക്തമാക്കി.  ദര്‍ശന ടി.വിയില്‍ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസാണ് ആലിക്കുട്ടി മുസ്ലിയാരുമായി അഭിമുഖം നടത്തിയത്.

പഴയ കാലം മുതല്‍ ഹിന്ദുക്കളുടെ കാര്യസ്ഥന്മാരായി മുസ്ലിംകള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിംകളുടെ വലംകൈയായി ഹിന്ദുക്കളും ധാരാളമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിലൊന്നും ഒരു പ്രയാസവും ഉണ്ടായിട്ടില്ല. മമ്പുറം തങ്ങളുടെ കാര്യസ്ഥന്‍ കോന്തുനായരായിരുന്നു. മലപ്പുറത്തെ കാളിയാട്ട മഹോത്സവത്തിന് തീയതി നിശ്ചയിച്ചുകൊടുത്തിരുന്നത് മമ്പുറം തങ്ങളായിരുന്നു.

എന്നാല്‍, ഇപ്പോള്‍ മുസ്ലിംകള്‍ മറ്റ് മതക്കാരുമായി സൗഹൃദം പങ്കിടരുതെന്നും വിനിമയം പാടില്ളെന്നും ഇതര മതസ്ഥരെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത് തുടങ്ങി ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായ പ്രചാരണങ്ങള്‍ ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റില്ല. ഇതിന് മതത്തിന്‍െറ ഒരു പിന്‍ബലവുമില്ല. ഇത്തരം പ്രചാരണങ്ങളെ സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം പ്രതികരിച്ചു.

പെരുന്നാളിന് ബലി അറുക്കുന്ന മാംസം പാഴായിപ്പോകാതിരിക്കാനും കൂടുതല്‍ അര്‍ഹരിലേക്ക് അത് എത്തിക്കാനും പദ്ധതി ആവിഷ്കരിക്കണം. മഹത്തായ ഒരു ലക്ഷ്യം ബലികര്‍മത്തിന് ഇസ്ലാം കല്‍പിക്കുന്നുണ്ട്. ഭിന്നലിംഗക്കാരുടെ വ്യക്തിത്വവും ഇസ്ലാം അംഗീകരിക്കുന്നുണ്ട്. അവര്‍ക്ക് മറ്റുള്ളവരെപ്പോലെ സ്വത്തിന് അവകാശമുണ്ട്. അവരെ മാറ്റിനിര്‍ത്തുന്ന നിലപാട് ഇസ്ലാമിലില്ല.  നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.