വയനാട് വരളുമ്പോള്‍ കാവേരി ‘കത്തുന്നു’

കല്‍പറ്റ: ‘കുടകിലും വയനാട്ടിലും സെപ്റ്റംബറില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അത് കാവേരി അണക്കെട്ടില്‍ വെള്ളമത്തെിക്കുമെന്നാണ് പ്രതീക്ഷ’ -കര്‍ണാടക സ്റ്റേറ്റ് നാഷനല്‍ ഡിസാസ്റ്റര്‍ മോണിറ്ററിങ് സെല്‍ ഡയറക്ടര്‍ ശ്രീനിവാസ് റെഡ്ഡി ഈ മാസമാദ്യം ബംഗളൂരുവില്‍ പറഞ്ഞതാണിത്. കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ ഇരു സംസ്ഥാനത്തുംപെടാത്ത വയനാടിന് ഈ വിഷയത്തില്‍ നിശ്ശബ്ദനായ ഒരു പ്രശ്നപരിഹാരക്കാരന്‍െറ റോളാണ് കാലങ്ങളായുള്ളത്.

വയനാട്ടില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ അളവില്‍കവിഞ്ഞ് ഒഴുകിയത്തെുന്ന വെള്ളം കാവേരി തര്‍ക്കത്തിന് വലിയൊരളവില്‍ പരിഹാരമാകാറാണ് പതിവ്. വയനാട്ടിലെ മഴവെള്ളം മുഴുവന്‍, ചെറുതോടുകളും പുഴകളും വഴി കബനിയിലേക്കാണ് ഒഴുകിയത്തെുന്നത്. വയനാട്ടില്‍ വെള്ളം തടഞ്ഞുനിര്‍ത്താനുള്ള പദ്ധതികളുടെ അഭാവത്തില്‍ കര്‍ണാടകക്ക് അളവിനേക്കാള്‍ ഏറെ കൂടിയ തോതില്‍ വെള്ളം ലഭിക്കും. കരാര്‍ പ്രകാരം 21 ടി.എം.സി ജലം കേരളത്തിന് അവകാശപ്പെട്ടതാണെങ്കിലും ഇതിന്‍െറ പകുതി പോലും ഇവിടെ ഉപയോഗപ്പെടുത്തുന്നില്ല. ജലസേചനത്തിന് ഉപയോഗിച്ചശേഷം തമിഴ്നാടിന് ആവശ്യത്തിന് വെള്ളം വിട്ടുകൊടുക്കാനും കര്‍ണാടകക്ക് ഇതുവഴി സാധിക്കാറുണ്ട്.

അതിര്‍ത്തിക്കരികെ കര്‍ണാടകയില്‍ എച്ച്.ഡി. കോട്ട താലൂക്കിലെ ബീച്ചനഹള്ളിയിലുള്ള കബനീ ഡാം വയനാട്ടിലെ വെള്ളംകൊണ്ടു മാത്രം നിറഞ്ഞുകവിയാറാണ് പതിവ്. ചാമരാജ് നഗര്‍, കുടക്, മൈസൂരു ജില്ലകളിലായി ഒട്ടേറെ അണക്കെട്ടുകളാണ് കര്‍ണാടക നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ കബനി, ഹാരംഗി, കെ.ആര്‍.എസ് തുടങ്ങിയ പല ഡാമുകളിലെയും നീരൊഴുക്കിനെ വയനാട്ടിലെ മഴ നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്. ഈ അണക്കെട്ടുകള്‍ ഉപയോഗിച്ച് പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളിലാണ് കര്‍ണാടക ജലസേചനം നടത്തുന്നത്.

മഴ കുറഞ്ഞ മൈസൂരു, ചാമരാജ് നഗര്‍ ജില്ലകളിലെ കൃഷിപ്പാടങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത് വയനാട്ടിലും കുടകിലും പെയ്യുന്ന മഴയെയാണ്. എന്നാല്‍, ഇക്കുറി മഴയുടെ അളവില്‍ വയനാട്ടില്‍ 59 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ അതിര്‍ത്തിക്കടുത്ത ഡാമുകളില്‍ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നു. അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്.

കബനി ഡാമിന്‍െറ വൃഷ്ടിപ്രദേശം മുഖ്യമായും വയനാടാണ്. 2284 അടിയാണ് സംഭരണ ശേഷി. 2014ല്‍ വയനാട്ടില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ ദിവസങ്ങള്‍ക്കകം കബനി ഡാമിലെ ജലവിതാനം 2280 അടിയിലത്തെിയിരുന്നു. ആദ്യം 10,000 ക്യൂസെക്സ് നിരക്കില്‍ വെള്ളം തുറന്നുവിട്ടശേഷവും മഴ വര്‍ധിച്ചതോടെ 18,000 ക്യൂസെക്സ് ആയി ഉയര്‍ന്നിരുന്നു. ഒടുവില്‍ 25,000 ക്യൂസെക്സ് നിരക്കില്‍ കബനിയിലൂടെ വെള്ളം ഒഴുകിയത്തെിയപ്പോള്‍ അതേ അളവില്‍ തുറന്നുവിടേണ്ടി വന്നിരുന്നു. അന്ന് തമിഴ്നാടിന്‍െറ കടമടക്കം വീട്ടാനുള്ള വെള്ളമാണ് ലഭിച്ചത്.

എന്നാല്‍, ഇപ്പോള്‍ 5000 ക്യൂസെക്സ് നിരക്കില്‍ മാത്രമാണ് കബനി ഡാമിലേക്കുള്ള നീരൊഴുക്ക്. 3600 ക്യുസെക്സ് ആണ് വിട്ടുനല്‍കുന്നത്. കെ.ആര്‍.എസ് ഡാമില്‍ 10,000 ക്യൂസെക്സ് വെള്ളമത്തെുമ്പോള്‍ 7500 ക്യൂസെക്സ് വിട്ടുനല്‍കുന്നു. ഇതിനിടയിലും, 11 ടി.എം.സിയെങ്കിലും ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കാവേരി ഡിവിഷനു കീഴില്‍ കടമാന്‍തോട്, ചൂണ്ടാടിപ്പുഴ, നൂല്‍പ്പുഴ, കല്ലമ്പതി, ചെങ്ങാത്ത്, മഞ്ചാത്ത്, തിരുനെല്ലി, തൊണ്ടാട്, പെരിങ്ങോട്ടുപുഴ എന്നീ ചെറുകിട പദ്ധതികള്‍ വര്‍ഷങ്ങളായി വയനാട് ഉറ്റുനോക്കുന്നുണ്ടെങ്കിലും ഒന്നുപോലും യാഥാര്‍ഥ്യമായിട്ടില്ല. അവ യാഥാര്‍ഥ്യമാകുന്നപക്ഷം കാവേരി നദീജല പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുമെന്നുറപ്പ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.