???????????? ????????? ????????????? ?????????????

കോഴിക്കോട്ട് രണ്ടിടത്തായി ഒമ്പത് പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു

കോഴിക്കോട്: നഗരത്തില്‍ രണ്ടിടത്തായി ഒമ്പത് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. നടക്കാവിനു സമീപം പണിക്കര്‍ റോഡില്‍ ഇംഗ്ളീഷ് പള്ളിക്ക് സമീപം ഏഴ് സ്ത്രികള്‍ക്കും ചെലവൂരില്‍ രണ്ട് പുരുഷന്മാര്‍ക്കുമാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് പണിക്കര്‍ റോഡിലെ ഏഴ് വീട്ടമ്മമാര്‍ക്ക് ഒരേ നായുടെ കടിയേറ്റത്. കടിയേറ്റത് മുഴുവന്‍ സ്ത്രീകള്‍ക്കാണ്. പലരെയും വീട്ടില്‍ കയറിയാണ് കടിച്ച് പരിക്കേല്‍പിച്ചതും.

നിഷാന്‍ വീട്ടില്‍ അബ്ദുറസാക്കിന്‍െറ ഭാര്യ റഹ്മത്തുന്നിസ (60)യുടെ പരിക്ക് ഗുരുതരമാണ്. വീട്ടുമുറ്റത്ത് തുണി ഉണക്കുകയായിരുന്ന ഇവര്‍ നായ് കാലിന് കടിച്ചപ്പോള്‍ വേദനകൊണ്ട് പുളഞ്ഞുവീണു. നിലത്തു കിടന്ന ഇവരുടെ മറ്റേ കാലിനും കൈക്കും കടിക്കുകയായിരുന്നു. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവും മക്കളുമൊന്നും വീട്ടില്‍ ഇല്ലായിരുന്നു. കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവായ ഷമീര്‍ എത്തിയാണ് ഇവരെ രക്ഷിച്ചത്.
റഹ്മത്തുന്നിസയുടെ തൊട്ടടുത്ത വീടിന്‍െറ മുകള്‍നിലയില്‍ താമസിക്കുന്ന ഗുജറാത്തിയായ ആനന്ദിന്‍െറ ഭാര്യ റീത്ത (37)ക്കും നായുടെ കടിയേറ്റു. വീടിന് താഴെ കളിക്കുകയായിരുന്ന കുഞ്ഞിന് നേരെ പാഞ്ഞു വരുന്ന നായെ കണ്ട് തുണി ഉണക്കാനിടുകയായിരുന്ന റീത്ത രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിന്‍വശത്തുകൂടി ചാടിയ നായ് അവരുടെ കാലിന് കടിച്ചു. വസ്ത്രത്തോട് കൂടിയാണ് കടിയേറ്റത് എന്നതിനാല്‍ പരിക്ക് ഗുരുതരമല്ല.

ഈ രണ്ട് വീടിനും സമീപത്തെ കോഴിശ്ശേരി ഉഷ പ്രസാദിനും (47) ഗുരുതര പരിക്കാണ്. രാവിലെ വീടിന്‍െറ അടുക്കള ഭാഗത്ത് ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന മകള്‍ നന്ദന പല്ലുതേക്കുകയും ഉഷ തുണി അലക്കുകയുമായിരുന്നു. കുഞ്ഞിന് നേരെ വന്ന നായെ കണ്ട് ഇരുവരും വീടിനകത്തേക്ക് ഓടിക്കയറി. മകള്‍ നേരെ തട്ടിന്‍പുറത്തേക്ക് കയറി രക്ഷപ്പെട്ടപ്പോള്‍ അമ്മ തൊട്ടടുത്ത കിടപ്പുമുറിയിലേക്കാണ് കയറിയത്. മുറിയുടെ ഒരു വാതില്‍പൊളി അടഞ്ഞ് കിടക്കുകയായിരുന്നു. തൊട്ടുപിന്നാലെ വീട്ടിനകത്തേക്ക് കയറിയ നായ് ഒറ്റ വാതില്‍ പൊളിക്കുള്ളിലൂടെ ഉഷയുടെ കാലില്‍ കടിച്ചു. റൂമില്‍ കിടക്കുകയായിരുന്ന ഭര്‍ത്താവ് പ്രസാദ് വാതില്‍ ശക്തമായി അടച്ചതോടെ മാത്രമേ നായ് തിരിച്ചുപോയുള്ളൂ.  

കോര്‍പറേഷനില്‍ തൂപ്പ് ജോലിക്കാരിയായ പുത്തന്‍വീട്ടില്‍ ശ്യാമളയുടെയും (58) കാലിനാണ് കടിയേറ്റത്.വീടിന് പുറത്തെ പടിയില്‍ ഇരുന്ന് മുറത്തില്‍ അരി ചേറുകയായിരുന്നു അവര്‍. ഓടിവരുന്ന നായുടെ ആദ്യ കടിയേറ്റപ്പോള്‍ തന്നെ അവര്‍ കൈയിലുണ്ടായിരുന്ന മുറം ഉപയോഗിച്ച് നായെ അടിച്ചു. അടിയേറ്റ നായ് കടി വിട്ടതോടെ വീട്ടിനകത്തേക്ക് കയറിയ ശ്യാമള വീടിന്‍െറ ഗ്രില്‍സ് വലിച്ചടച്ച് രക്ഷപ്പെടുകയായിരുന്നു.  പാവമണി റോഡിലെ സ്വകാര്യ പെട്രോള്‍ പമ്പില്‍ അക്കൗണ്ടന്‍റായ മോളി (50) ജോലിക്ക് പോകുന്ന സമയത്താണ് കാലിന് കടിയേറ്റത്. രാവിലെ പത്തോടെ വീട്ടില്‍ നിന്നിറങ്ങിയ മോളിയുടെ നേര്‍ക്ക് മുഖത്ത് ചോരപ്പാടുകളുമായി ഓടിവരുകയായിരുന്നു നായ്. ഓട്ടത്തിനിടെ കാലില്‍ കടിച്ച് നായ് ഓടിരക്ഷപ്പെട്ടതായി മോളി പറയുന്നു. തൊട്ടടുത്തുള്ള നയന ജ്യോതി (50), അനിത (52) എന്നിവര്‍ക്കും നായുടെ കടിയേറ്റിട്ടുണ്ട്. ചെലവൂരില്‍ തമിഴ്നാട് സ്വദേശി ശക്തിവേല്‍ (37), രാജന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സതേടി.

പണിക്കര്‍ റോഡില്‍ വഴിയാത്രക്കാരായ രണ്ടുപേരുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കടിയേറ്റതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ബാക്കിയുള്ളവര്‍ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു.
തിരിച്ചറിഞ്ഞ ഏഴ് പേരും ബീച്ച് ആശുപത്രിയില്‍ അണുബാധക്കുള്ള കുത്തിവെപ്പും പ്രാഥമിക ചികിത്സയും തേടി. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പേ വിഷബാധക്കുള്ള കുത്തിവെപ്പും  എടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.