തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയായി പ്രഖ്യാപിച്ച് ബി.ജെ.പി. ഇതിനെതിരായ പ്രതികരണങ്ങളുമായി പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും. ഗുരുജയന്തി ദിനമായ വെള്ളിയാഴ്ച ബി.ജെ.പി സംസ്ഥാന സമിതിയുടെ ഒൗദ്യോഗിക ഫേസ്ബുക് പേജിലാണ് ‘കേരളം ലോകത്തിന് സംഭാവന നല്‍കിയ മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീ നാരായണ ഗുരു’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഒരു നൂറ്റാണ്ടുമുമ്പ് ‘നമുക്ക് ജാതിയില്ല’ എന്ന് വിളംബരം നടത്തിയ ഗുരുവിനെ ഹിന്ദു സന്യാസി ആയി മുദ്രകുത്താനുള്ള നീക്കം ഗുരുനിന്ദയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് ഉപദേശിച്ച ഗുരുവിനെ കേവലം ഒരു ഹിന്ദു സന്യാസിയായി ചുരുക്കിക്കെട്ടാനുള്ള ബി.ജെ.പിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്‍െറ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
‘പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദുധര്‍മത്തെ നവീകരിച്ച ഗുരുദേവന്‍ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ളവകാരി. അനാചാരങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുമ്പോഴും അത് സ്വധര്‍മത്തിന് എതിരാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്കാരത്തിന്‍െറ പേരില്‍ സംസ്കാരത്തെയും സ്വന്തം നാടിനെയും തള്ളിപ്പറയാന്‍ മടിക്കാത്ത കപട പുരോഗമന വാദികള്‍ക്ക് പാഠമാണ് ഗുരുവിന്‍െറ പ്രവൃത്തികള്‍. ഗുരുവിന്‍െറ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നതുകണ്ട് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണെന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്‍െറ ദേശീയധാരയില്‍നിന്ന് അടര്‍ത്തി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ഒറ്റക്കെട്ടായി ചെറുക്കണം.
ജനസംഘത്തിന്‍െറ ദേശീയ സമ്മേളനം ആദ്യമായി കേരളത്തില്‍ നടന്നപ്പോള്‍ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നല്‍കിയത് ഗുരുദേവന്‍െറ പേരായിരുന്നു. അതിന്‍െറ 50ാം വര്‍ഷത്തില്‍ മറ്റൊരു ദേശീയ കൗണ്‍സിലിനുകൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയര്‍ത്തുന്നത്’ -ബി.ജെ.പിയുടെ കുറിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.