ഗണേശോല്‍സവം: എം.കെ മുനീര്‍ വിശദീകരണം എഴുതി നല്‍കി

കോഴിക്കോട്: ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത എം.കെ മുനീറിന്റെ നടപടിക്കെതിരെ മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ചു. മുനീറിന്റെ നടപടി പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ പരാതി. സംഭവത്തില്‍ എം.കെ മുനീര്‍, ഹൈദരലി തങ്ങള്‍ക്ക് വിശദീകരണം എഴുതി നല്‍കിയെന്നാണ് വിവരം.  ശിവസേന കോഴിക്കോട്ട് സംഘടിപ്പിച്ച ഗണേശോല്‍സവം എംകെ മുനീറാണ് ഉദ്ഘാടനം ചെയ്തത്.

തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനക്ക് മാന്യത നല്‍കാന്‍ മുനീര്‍ ശ്രമിച്ചു എന്ന വിമര്‍ശം സമസ്ത അടക്കമുള്ള മത സംഘടനകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. തന്‍റെ വോട്ടര്‍മാര്‍മാര്‍ സംഘടിപ്പിച്ച പരിപാടി ആയതുകൊണ്ട് പങ്കെടുത്തുവെന്നായിരുന്നു മുനീറിന്‍റെ വിശദീകരണം. എന്നാല്‍‍ മുനീറിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി. മുനീറിന്‍റെ നടപടി തെറ്റായിപ്പോയെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ചു. ഇതേ തുടര്‍ന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ മുനീറിനോട് വിശദീകരണം ആവശ്യപ്പെട്ടത്. മുനീര്‍ വിശദീകരണം എഴുതി നല്‍കിയതായാണ് വിവരം. മുനീറിന്‍റെ നടപടിയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അമര്‍ഷമുണ്ട്. അടുത്ത ദിവസം എറണാകുളത്ത് ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. മുനീര്‍ നല്‍കിയ വിശദീകരണം കൂടി പരിഗണിച്ച് പ്രവര്‍ത്തക സമിതിയില്‍ ഹൈദരലി തങ്ങള്‍ വിഷയം റിപ്പോര്‍ട്ട് ചെയ്യും.
 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.