ഗോവിന്ദച്ചാമിയുടെ സുരക്ഷയില്‍ ജയിലധികൃതര്‍ക്ക് ആശങ്ക

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതി ഗോവിന്ദച്ചാമിയുടെ സുരക്ഷയില്‍ ജയിലധികൃതര്‍ക്ക് ആശങ്ക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ളോക്കിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധിയോടെ, കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം ബ്ളോക്കില്‍ നിന്ന് ഗോവിന്ദച്ചാമിയെ മാറ്റുമെന്ന് പ്രചാരണമുണ്ട്.

അതേസമയം, പത്താംബ്ളോക്കില്‍ നിന്ന് ഗോവിന്ദച്ചാമിയെ മാറ്റുന്നത് സംബന്ധിച്ചുള്ള ആലോചന പോലും നടന്നിട്ടില്ളെന്ന് ജയിലധികൃതര്‍ വ്യക്തമാക്കി. നാടിനെ നടുക്കിയ കുറ്റകൃത്യം നടത്തിയ ഗോവിന്ദച്ചാമിയെ പത്താം ബ്ളോക്കില്‍ നിന്ന് രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന സാധാരണ തടവുകാര്‍ കഴിയുന്ന ബ്ളോക്കിലേക്ക്  മാറ്റിയാല്‍ ഇയാളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ജയിലധികൃതര്‍ ആശങ്കപ്പെടുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടതിനാല്‍ ഇതുവരെ ഗോവിന്ദച്ചാമിക്ക് ജയിലിലെ ജോലികള്‍ ചെയ്യേണ്ടിയിരുന്നില്ല. വധശിക്ഷ റദ്ദാക്കിയതോടെ ഗോവിന്ദച്ചാമിയെ ജയിലിലെ ജോലി ചെയ്യാന്‍ ഏല്‍പിച്ചാലും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തേണ്ടിവരും.  പൊതുവേ ജയിലിനകത്ത് അന്തര്‍മുഖനായി കാണപ്പെടുന്ന ഗോവിന്ദച്ചാമി മറ്റ് തടവുകാരോട് പോലും അടുത്തിടപെടാറില്ല. വധശിക്ഷ റദ്ദാക്കിയ ഉത്തരവ് സെന്‍ട്രല്‍ ജയിലില്‍ കിട്ടിയാല്‍ മാത്രമേ ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ എന്തുചെയ്യണമെന്നതില്‍ തീരുമാനമാവുകയുള്ളൂവെന്നും ജയിലധികൃതര്‍ വ്യക്തമാക്കി.

2011ലാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലത്തെിച്ചത്. 2012ല്‍ ജയിലിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നുപറഞ്ഞ് ഗോവിന്ദച്ചാമി നിരാഹാര സമരവും ആത്മഹത്യാശ്രമവും നടത്തിയിരുന്നു. ജയില്‍ ജീവനക്കാരോട് തട്ടിക്കയറുകയും സെല്ലിലെ സി.സി.ടി.വി കാമറകള്‍ തകര്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ഗോവിന്ദച്ചാമിയെ പത്തുമാസം തടവിനും ശിക്ഷിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.