മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടു; തടഞ്ഞുവെച്ച രോഗിയെ വിട്ടയച്ചു

തിരുവനന്തപുരം: ബില്‍ അടച്ചില്ളെന്ന പേരില്‍ തടഞ്ഞുവെച്ച രോഗിയെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഇടപെടലിനെതുടര്‍ന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ വിട്ടയച്ചു. കാട്ടാക്കട തൂങ്ങാപാറയില്‍ ആഗസ്റ്റ് ഒമ്പതിന് ഉണ്ടായ വാഹനാപകടത്തില്‍ ഇരുകാലുകളും തളര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി അഖില്‍ എസ്. സാമിനെയാണ് (19) കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്‍െറ ഇടപെടലിനെതുടര്‍ന്ന് വിട്ടയച്ചത്. ആദ്യം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധചികിത്സ ലഭിക്കാത്തതിനെതുടര്‍ന്നാണ് ആനയറയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചത്. അഖിലിന്‍െറ പേരില്‍ ഇന്‍ഷുറന്‍സുണ്ടെന്ന് പറഞ്ഞപ്പോള്‍ രോഗിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.
ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ പണം അടയ്ക്കേണ്ടതില്ളെന്ന് പറഞ്ഞതിനാലാണ് നിര്‍ധനകുടുംബം അഖിലിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ശസ്ത്രക്രിയക്ക് ശേഷം 5,80,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.

പള്ളിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സമാഹരിച്ച 2,00,000 രൂപ അടച്ചു. തുടര്‍ന്ന്  വിട്ടയക്കാമെന്ന് പറഞ്ഞെങ്കിലും ബാക്കി പണം അടയ്ക്കാത്തതിനാല്‍ പോകാന്‍ അനുവദിച്ചില്ല. പെയിന്‍റിങ് തൊഴിലാളിയാണ് അഖിലിന്‍െറ പിതാവ്. കിടപ്പാടം ജപ്തിയിലാണ്. പരാതി ലഭിച്ചതിനെതുടര്‍ന്ന് അഖിലിനെ വിട്ടയക്കാന്‍ കമീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കും സ്വകാര്യ ആശുപത്രി എം.ഡിക്കും നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് കമ്പനിക്കും കമീഷന്‍ നോട്ടീസയച്ചു. തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. അഖിലിനെ ഇന്‍ഷുറന്‍സ് കമ്പനി ബ്രാഞ്ച് മാനേജരും ആശുപത്രി അധികൃതരും ഒക്ടോബര്‍ മൂന്നിന്  തിരുവനന്തപുരം ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ നേരില്‍ ഹാജരാക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.