ഫറോക്ക്: ബേപ്പൂര്‍ തുറമുഖത്തെ കയറ്റിറക്കുകൂലി വര്‍ധന പ്രശ്നംമൂലം തുറമുഖം പൂര്‍ണമായും സ്തംഭനാവസ്ഥയില്‍. വിവിധ തൊഴിലാളി യൂനിയനുകളുടെ കൂലിവര്‍ധനയെന്ന ആവശ്യം വെസല്‍ ഏജന്‍റ്സ് ആന്‍ഡ് ഷിപ്മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അംഗീകരിച്ചിട്ടില്ല. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി തൊഴിലാളി യൂനിയന്‍ നേതാക്കളും വെസല്‍ ഏജന്‍റുമാരും പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. രണ്ടു വര്‍ഷത്തേക്കാണ് തുറമുഖ കയറ്റിറക്ക് തൊഴിലാളികളുടെ വേതനവര്‍ധനയില്‍ മാറ്റംവരുത്താറുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കാലാവധി വെള്ളിയാഴ്ചയോടെ അവസാനിക്കാനിരിക്കെ പ്രശ്നപരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് വിട്ടിരിക്കുകയാണ്.
എന്നാല്‍, കേരളത്തിലെ വിവിധ കയറ്റിറക്ക് തൊഴില്‍മേഖലയെക്കാളും ഏറ്റവുമധികം കൂലി ഈടാക്കുന്നത് ബേപ്പൂര്‍ തുറമുഖത്തുനിന്നാണെന്നാണ് വെസല്‍ ഏജന്‍റുമാര്‍ പറയുന്നത്. 2016-18 വര്‍ഷത്തേക്കുള്ള കൂലിവര്‍ധന 60 ശതമാനമാണ് വിവിധ തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടത്. ഇത് നിലവില്‍വരുന്നതോടുകൂടി വരുംവര്‍ഷങ്ങളില്‍ ബേപ്പൂരില്‍നിന്നുള്ള കയറ്റുമതി തോത് കുറയുമെന്നും ലക്ഷദ്വീപ് നിവാസികള്‍ക്ക് വര്‍ധന താങ്ങാന്‍ കഴിയാത്തതാണെന്നുമുള്ള നിലപാടിലാണ് ഏജന്‍റുമാരുള്ളത്.
ഈ വര്‍ഷത്തെ കൂലിവര്‍ധനയില്‍നിന്ന് തൊഴിലാളികള്‍ പിന്മാറി ചരക്കുനീക്കം പുന$സ്ഥാപിക്കണമെന്നാണ് വെസല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. അതേസമയം, നിലവിലുള്ള കൂലിപ്രശ്നം ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള സമയം ഉണ്ടായിട്ടുപോലും വെസല്‍ ഏജന്‍റുമാര്‍ പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതില്‍ വിവിധ തൊഴിലാളി സംഘടനകള്‍ അതൃപ്തിയിലാണ്. തുറമുഖത്ത് നിലനില്‍ക്കുന്ന പ്രശ്നം കാരണം നിലവില്‍ ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ നേരിട്ട് ബാര്‍ജുകള്‍ ബേപ്പൂരിലത്തെിച്ചാണ് സാധനങ്ങള്‍ ദ്വീപുകളിലേക്ക് കൊണ്ടുപോകുന്നത്.
മണ്‍സൂണ്‍ നിരോധകാലയളവായ കഴിഞ്ഞ നാലു മാസത്തെ നിരോധം ഈമാസം 15ന് അവസാനിച്ചിരുന്നെങ്കിലും തുറമുഖത്ത് ഇതുവരെയും ചരക്കുനീക്കം ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.