ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. സ്ത്രീപ്രവേശനത്തിനുള്ള കഴിഞ്ഞവർഷത്തെ വിധി ഏഴംഗ ബെഞ്ച് പരിശോധിക്കാനിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. മണ്ഡലകാലം അവസാനിക്കുംമുമ്പ് ശബരിമലയിൽ പോകാൻ െപാലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സമർപ്പിച്ച ഹരജി അടുത്തയാഴ്ച പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി നടപ്പാക്കാനുള്ളതാണെന്ന് നവംബർ 15 ന് ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ കേന്ദ്ര സർക്കാറിനെ ഒാർമിപ്പിച്ചിരുന്നു. എന്നാൽ, ഇതിന് ഭിന്നമായ നിലപാടാണ് ചീഫ് ജസ്റ്റിസ് വ്യാഴാഴ്ച കൈക്കൊണ്ടത്.
അഡ്വ. പ്രശാന്ത് പത്മനാഭൻ മുഖേനയാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിച്ചത്. ഇവർക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ്, ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, നിലവിൽ സ്ത്രീപ്രവേശനത്തിന് സുപ്രീംകോടതി നൽകിയ അനുമതി നിലനിൽക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുകയും ചെയ്തു. അപ്പോഴാണ് കഴിഞ്ഞ വർഷത്തെ വിധി അന്തിമമല്ല എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ദർശനത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ കൊച്ചി െപാലീസ് കമീഷണർ ഒാഫിസിനു മുന്നിൽ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടുവെന്നും ഇന്ദിര ജയ്സിങ് ബോധിപ്പിച്ചു. സുപ്രീംകോടതി വിധിക്ക് സ്റ്റേ ഇല്ലാതിരുന്നിട്ടും ഉദ്യോഗസ്ഥർ, സ്ത്രീകൾ ദർശനം നടത്തുന്നത് തടയുകയാണ്. മണ്ഡലകാലം ഉടൻ അവസാനിക്കുന്നതിനാൽ അടിയന്തരമായി ദർശന സൗകര്യമൊരുക്കണമെന്നും അവർ വാദിച്ചു.
ശബരിമല വിഷയം മറ്റു മതവിഷയങ്ങളുമായി ചേർത്ത് ഏഴംഗ ബെഞ്ചിന് വിട്ട ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോായി അധ്യക്ഷനായ ബെഞ്ച്, പുനഃപരിശോധന ഹരജികളിൽ തീരുമാനമെടുക്കുന്നത് നീട്ടിവെച്ചിരുന്നു. പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബർ 28ലെ വിധി പുനഃപരിേശാധിക്കണമോ എന്ന് തീരുമാനിക്കും മുമ്പ്, മതവിശ്വാസവുമായി ബന്ധപ്പെട്ട ഏഴു വിഷയങ്ങളിൽ ഏഴംഗ ബെഞ്ച് തീരുമാനമെടുക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ എ.എം ഖൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവരുടെ ഭൂരിപക്ഷ വിധി. അതുപ്രകാരം ശബരിമല കേസ് പരിഗണിക്കാനിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.