ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ 23 ലക്ഷം മന്ത്രി കൈമാറി

തൃശൂർ: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സിക്കാൻ പണമില്ലാതെ മരിച്ച മാപ്രണം സ്വദേശിനി ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തുക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു വീട്ടിലെത്തി കൈമാറി. 21 ലക്ഷം രൂപ ചെക്കായും രണ്ട് ലക്ഷം രൂപ പണമായുമാണ് കൈമാറിയത്.

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ ആരും തന്നെ പ്രായാസപ്പെടരുതെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാങ്കിലെ നിക്ഷേപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. വിഷയത്തില്‍ കണ്‍സ്യോര്‍ഷ്യം രൂപീകരിക്കുന്നതിനായി പരിശ്രമിച്ചെങ്കിലും പ്രദേശവാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍.ബി.ഐ നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അത് മുടങ്ങുകയായിരുന്നു. കേരള ബാങ്കും സഹകരണ വികസന നിധിയുമായി ഏകോപനം നടത്തി ബാങ്കിനെ സഹായിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം. ശബരി ദാസന്‍, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ദേവരാജ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ രവീന്ദ്രന്‍ ടി.കെ, കമ്മിറ്റി അംഗം വിനോദ് എം.എം, അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിങ് സുരേഷ് സി, സംഘം സെക്രട്ടറി ഇന്‍ - ചാര്‍ജ് ശ്രീകല എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

നിക്ഷേപകർക്ക് ആശങ്ക വേണ്ട -മന്ത്രി വി.എൻ. വാസവൻ

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും മന്ത്രി വി.എൻ. വാസവൻ. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിക്ഷേപങ്ങൾ തിരികെ നൽകാൻ 35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരള ബാങ്കില്‍നിന്ന് 25 കോടിയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 10 കോടിയുമാണ് ലഭ്യമാക്കുക.

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി കേരള ബാങ്ക് അനുവദിക്കുന്നത്. ബാങ്കിന്റെ കൈവശമുള്ള സ്വർണവും മറ്റു ബാധ്യതകളില്‍പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നല്‍കുന്നത്. അതിനാൽ നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. അവരുടെ നിക്ഷേപത്തിന് എല്ലാവിധ സംരക്ഷണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - 23 lakhs of Karuvannur Bank was handed over by the minister to Philomena's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.