പാലക്കാട്: മൂന്നു തവണ വിജയക്കൊടി പാറിച്ച ഷാഫി പറമ്പിലിന്റെ കൈപിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നടന്നുകയറിയത് പാലക്കാടിന്റെ ജനമനസ്സുകളിലേക്ക്. പിന്തുടർച്ച വിവാദവും ഡീൽ വിവാദവും പെട്ടിവിവാദവുമെല്ലാം താണ്ടിയാണ് ഈ കുതിപ്പ്. തട്ടകത്ത് താമര വിരിയിക്കാമെന്ന എൻ.ഡി.എ സ്വപ്നം പൊലിഞ്ഞു. ബി.ജെ.പിയുടെ തട്ടകങ്ങളിൽ രാഹുൽ ഇടിച്ചുകയറിയാണ് വിജയം സ്വന്തമാക്കിയത്. കേരളരാഷ്ട്രീയം ഉറ്റുനോക്കിയ പോരാട്ടത്തിന്റെ അവസാനം രാഹുൽ നാട്ടുകാരനായ സി. കൃഷ്ണകുമാറിനെക്കാൾ 18,840 വോട്ടിന്റെ ഭൂരിപക്ഷം നേടി. രാഹുലിന്റെ പഴയ സതീർഥ്യനായ സി.പി.എം സ്വതന്ത്രസ്ഥാനാർഥി ഡോ. പി. സരിന് മൂന്നാം സ്ഥാനമായി. 58,389 വോട്ടുകൾ രാഹുൽ നേടിയപ്പോൾ 39,549 വോട്ടുമായി സി. കൃഷ്ണകുമാർ രണ്ടാമതെത്തി. ഡോ. പി. സരിന് 37,293 വോട്ടാണ് ലഭിച്ചത്.
ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യു.ഡി.എഫിന് തുണയായപ്പോൾ മുൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കണക്കുകളൊന്നും തകിടംമറിഞ്ഞില്ല. നഗരസഭയിൽ ബി.ജെ.പിക്ക് ആധിപത്യം നിലനിർത്താനായില്ല. പതിവുപോലെ പിരായിരി പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥിക്ക് തുണയായി. വോട്ടൊഴുക്കിന്റെ ഒന്നോ രണ്ടോ സന്ദർഭങ്ങളിലൊഴിച്ചാൽ സി. കൃഷ്ണകുമാറിന് കാര്യമായി മുന്നേറാനായില്ല. തുടക്കം മുതൽതന്നെ മണ്ഡലത്തിലേത് ത്രികോണമത്സരമാക്കാന് ബി.ജെ.പി പതിനെട്ടടവും പയറ്റിയിരുന്നു. ആർ.എസ്.എസിന്റെ ശക്തമായ പ്രചാരണത്തിന് ഫലമുണ്ടായെങ്കിലും കൃഷ്ണകുമാറിനെ വിജയത്തിലെത്തിക്കാനുള്ള വോട്ടുകൾ സമാഹരിക്കാൻ അവർക്കുമായില്ല. സ്ഥാനാർഥിനിർണയത്തിലെ അപാകതയും ഗ്രൂപ്പുവഴക്കും ബി.ജെ.പിക്ക് തിരിച്ചടിയായി. ഡോ. പി. സരിൻ സി.പി.എം വോട്ടെല്ലാം പിടിച്ചാൽ ബി.ജെ.പി ജയിക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും അതും നടന്നില്ല.
പാലക്കാട് മണ്ഡലം രൂപവത്കരിച്ചതു മുതൽ ഇതുവരെ നടന്ന 17 തെരഞ്ഞെടുപ്പുകളിൽ ഇതോടെ 12ലും ആധിപത്യമുറപ്പിച്ച് മണ്ഡലം യു.ഡി.എഫ് കോട്ടയാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു. സ്ഥാനാർഥിനിർണയം പാളിയതോടെ കൈയിൽ കിട്ടുമായിരുന്ന മണ്ഡലം ബി.ജെ.പി കളഞ്ഞുകുളിക്കുകയായിരുന്നെന്ന ആരോപണം ഇതിനകം ഉയർന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കുറ്റാരോപണങ്ങൾ നിരത്തി ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്താൻ ഒരു വിഭാഗം ഒരുങ്ങിക്കഴിഞ്ഞു. വിമത-സ്വതന്ത്ര സ്ഥാനാർഥികൾക്ക് കാര്യമായ വോട്ട് നേടാനായില്ലെങ്കിലും നോട്ട നേടിയ 1262 വോട്ടുകൾ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.