പാലക്കാട്: ഇതുവരെ കണ്ടിട്ടില്ലാത്തവിധം വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിനാണ് പാലക്കാട് മണ്ഡലം സാക്ഷ്യം വഹിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തോടെ പുറത്തുവന്ന കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന ഡോ. പി. സരിനെ പാർട്ടിക്ക് പുറത്തെത്തിച്ചതോടെയാണ് പാലക്കാട് ശ്രദ്ധാകേന്ദ്രമായത്. ഷാഫിയുടെ നോമിനിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നായിരുന്നു സരിന്‍റെ പ്രധാന ആരോപണങ്ങളിലൊന്ന്. കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടുള്ള ഡി.സി.സിയുടെ കത്ത് പുറത്തുവന്നതും വിവാദമായി. സി.പി.എം-ബി.ജെ.പി ഡീൽ, കോൺഗ്രസ്-ബി.ജെ.പി ഡീൽ തുടങ്ങി ഡീൽ ആരോപണങ്ങളും ഇതിനിടെ ഉയർന്നു.
ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയത് ബി.ജെ.പിയെയും പ്രതിസന്ധിയിലാക്കി. ശോഭയെ സ്വാഗതം ചെയ്ത് നഗരത്തിൽ ഫ്ലക്സുയർന്നെങ്കിലും നറുക്ക് വീണത് സി. കൃഷ്ണകുമാറിനായിരുന്നു. തുടക്കത്തിൽ ശോഭ പ്രചാരണത്തിന് വന്നില്ലെങ്കിലും പിന്നീട് കൃഷ്ണകുമാറിനായി വോട്ട് തേടി.
ഏരിയ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്ന അബ്ദുൾ ഷുക്കൂറിന്‍റെ രാജി പ്രഖ്യാപനമാണ് സി.പി.എം നേരിട്ട വെല്ലുവിളി. എന്നാൽ, ഒറ്റ ദിവസത്തെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ. നേതൃത്വം ഇടപെട്ട് ഷുക്കൂറിനെ അനുനയിപ്പിച്ച് അന്ന് വൈകീട്ടുതന്നെ മുന്നണി കൺവെൻഷൻ വേദിയിലെത്തിക്കുകയും പിന്നീടുള്ള പര്യടനങ്ങളിൽ ഷുക്കൂർ നിറസാന്നിധ്യമാവുകയും ചെയ്തു. പാതിരാ റെയ്ഡും തുടർ സംഭവങ്ങളും മൂന്നു മുന്നണികളും ഒരുപോലെ ഏറ്റുപിടിച്ചതോടെ ഉപതെരഞ്ഞെടുപ്പിന് ചൂടേറി.
കോൺഗ്രസും ബി.ജെ.പിയും വ്യാജ വോട്ട് ചേർത്തെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തിയതോടെ മത്സരം പിന്നെയും കൊഴുത്തു. പരിശോധനയിൽ ഇരട്ടവോട്ട് കണ്ടെത്തുകയും ചെയ്തു. വോട്ടിങ്ങിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയോട് പിണങ്ങിനിന്നിരുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതും ഏറെ ചർച്ചയായി. സന്ദീപിന്‍റെ വരവും കോൺഗ്രസിന് ഗുണമായി. തെരഞ്ഞെടുപ്പിന്‍റെ തലേന്ന് സി.പി.എം രണ്ട് പത്രങ്ങൾക്ക് നൽകിയ പരസ്യത്തിലും വിവാദം കത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.