തൃശൂർ: ഐ.സി.യു, വെൻറിലേറ്റർ, ഡയാലിസിസ് ബെഡുകൾ എന്നിവയിൽ 25 ശതമാനം കോവിഡ് രോഗികൾക്കായി മാറ്റിവച്ചതിെൻറ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികൾ കലക്ടർക്ക് നൽകണം. ജില്ല കലക്ടർ എസ്. ഷാനവാസിെൻറ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഓൺലൈനായി നടത്തിയ യോഗത്തിലാണ് തീരുമാനം.
കോവിഡ് ബാധിച്ച രോഗികൾക്ക് ഡയാലിസ് ആവശ്യമായി വരുമ്പോൾ സ്വകാര്യ ആശുപത്രികളിൽനിന്ന് നേരെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഇതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ ബുദ്ധിമുട്ട് അധികൃതർ കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് യോഗം വിളിച്ചത്.
കോവിഡ് പോസിറ്റീവായതിെൻറ പേരിൽ, സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ നൽകാതിരിക്കുന്നത് ശരിയല്ലെന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന പറഞ്ഞു. കോവിഡ് നെഗറ്റീവായ ശേഷം രണ്ടാഴ്ചക്കുശേഷം മാത്രമാണ് ഇവർക്ക് ഡയാലിസിസ് നടത്താൻ സ്വകാര്യ ആശുപത്രികൾ തയാറാകുന്നത്. ഇത് ശരിയായ നടപടിയല്ലെന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസും ചൂണ്ടിക്കാട്ടി.
കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം കാസ്പ് പദ്ധതി വഴി നൽകുന്നതിനെക്കുറിച്ച് സർക്കാറുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.