തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക നിയമനങ്ങൾക്ക് സി.പി.എം പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള തിരുവനന്തപുരം മേയറുടെ കത്തിൽ പ്രതിഷേധം ശക്തമാകുന്നതിടെ സപ്ലൈകോയിലും പണം വാങ്ങി സ്വന്തക്കാരെ തിരുകി കയറ്റുന്നതായി ആക്ഷേപം.
പാക്കിങ് സ്റ്റാഫ്, ഡിസ് പ്ലേ സ്റ്റാഫ് തസ്തികകളിലാണ് 25,000 രൂപ വാങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ യൂനിയൻ നേതാക്കൾ പിൻവാതിൽ നിയമനം നടത്തുന്നത്. 10 വർഷം കഴിയുമ്പോൾ സ്ഥിരമാക്കുമെന്നാണു വാഗ്ദാനം.
നിലവിൽ സംസ്ഥാനത്തെ 1633 ഔട്ട്ലെറ്റിലായി 8500 ഓളം താൽക്കാലിക ജീവനക്കാരാണ് പാക്കിങ്, ഡിസ് പ്ലേ തസ്തികകളിൽ ജോലി ചെയ്യുന്നത്. ഇവരിൽ പലരെയും പറഞ്ഞുവിട്ട് പണം വാങ്ങി പുതിയ ആളുകളെ എടുക്കാനും നീക്കമുണ്ട്.
പണം നൽകാത്തതിന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ആരോപിച്ച് തിരുവനന്തപുരത്ത് യൂനിയൻ സംസ്ഥാന നേതാവിനെതിരെ ജീവനക്കാരി പൊലീസിലും മനുഷ്യാവകാശ കമീഷനിലും പരാതി നൽകി. 20 വർഷമായി മലയിൽകീഴ് സപ്ലൈകോയിൽ പാക്കർ തസ്തികയിൽ ജോലി ചെയ്തിരുന്ന തന്നെ അകാരണമായി പിരിച്ചുവിട്ടെന്നും തിരികെ പ്രവേശിപ്പിക്കണമെങ്കിൽ 25,000 രൂപ ആവശ്യപ്പെട്ടെന്നുമാണ് മലയിൻകീഴ് സ്വദേശി അംബിക ദേവിയുടെ പരാതി.
പണം നൽകാൻ തയാറാകാത്തതോടെ പണം വാങ്ങി മറ്റൊരാളെ നിയമിച്ചെന്നും ചോദ്യം ചെയ്ത വിധവയും രണ്ടു പെൺമക്കളുടെ മാതാവുമായ തന്നെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. ഒക്ടോബർ 24ന് നൽകിയ പരാതിയിൽ മലയിൻകീഴ് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എസ്.ഐയുടെ നേതൃത്വത്തിൽ പരാതി ഒതുക്കി തീർക്കുകയായിരുന്നെന്ന് അംബിക ദേവി 'മാധ്യമ'ത്തോട് പറഞ്ഞു.
വലിയതുറ സപ്ലൈകോ ഗോഡൗണിലെ ഹോർലിക്സ് തിരിമറിയിൽ സസ്പെഷനിലായ ഉദ്യോഗസ്ഥരിൽ ഒരാളായ നേതാവിനെ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കൊല്ലത്തേക്ക് സ്ഥലംമാറ്റിയിരുന്നെങ്കിലും സി.പി.ഐ ഉന്നതൻ ഇടപെട്ട് വീണ്ടും തലസ്ഥാനത്തെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.