പാലക്കാട്: വാങ്ങിയതിന്റെ അടുത്തദിവസം മുതൽ ഓട്ടം മുടക്കിയ ഇലക്ട്രിക് സ്കൂട്ടറിന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി. അകത്തേത്തറ സ്വദേശിയും കോളജ് അധ്യാപകനുമായ സി.ബി. രാജേഷിന് ഒല കമ്പനി 2.59 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് പാലക്കാട് ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്. 2023 ജൂലൈ രണ്ടിനാണ് മേഴ്സി കോളജ് ജങ്ഷന് സമീപത്തുള്ള ഒല ഇലക്ട്രിക് സ്കൂട്ടർ എക്സ്പീരിയൻസ് സെന്ററിൽനിന്ന് കമ്പനിയുടെ എസ് വൺ എയർ എന്ന മോഡൽ സ്കൂട്ടർ രാജേഷ് ബുക്ക് ചെയ്തത്. മുഴുവൻ തുകയായ 1,27,000 രൂപ അടച്ചശേഷമാണ് വാഹനം ബുക്ക് ചെയ്തത്. സ്കൂട്ടർ ലഭിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ പലപ്പോഴായി ഓഫാകുന്ന സ്ഥിതിയായി.
വണ്ടി വാങ്ങിയ സെന്ററിൽ വിളിച്ചപ്പോൾ കസ്റ്റമർ കെയറിൽ അറിയിച്ച് ബംഗളൂരുവിലുള്ള കമ്പനിയിൽ പരാതി ബുക്ക് ചെയ്യണമെന്ന് പറഞ്ഞു. ഒരുപാട് തവണ ശ്രമിച്ച് പരാതി രജിസ്റ്റർ ചെയ്തപ്പോൾ രണ്ട് ദിവസങ്ങൾക്ക് ശേഷം കമ്പനിയിൽനിന്നും റോഡ് അസിസ്റ്റൻസ് വാഹനം വന്ന് തൃശൂരിലേക്ക് സ്കൂട്ടർ കൊണ്ടുപോയി.
10 ദിവസത്തിനുശേഷം പ്രശ്നം പരിഹരിച്ചെന്ന് പറഞ്ഞ് വാഹനം തിരിച്ചെത്തിച്ചു. എന്നാൽ, ഒക്ടോബർ 29ന് വണ്ടി വീണ്ടും പ്രശ്നമായി. നവംബർ ഒന്നിന് വീണ്ടും തൃശൂരിലേക്ക് കൊണ്ടുപോയ സ്കൂട്ടർ 10ന് തിരികെ ലഭിച്ചു. പക്ഷേ തൊട്ടടുത്ത ദിവസം തന്നെ ‘യുവർ സ്കൂട്ടർ ഈസ് സ്ലീപ്പിങ്’ എന്ന സന്ദേശത്തോടെ സ്കൂട്ടർ സ്റ്റാർട്ടാകാതെയായി. തുടർന്നാണ് കോടതിയിൽ പരാതി നൽകിയതെന്ന് രാജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വാഹനത്തിന്റെ വിലയും വിധി വന്ന ദിവസം വരെയുള്ള വാഹന വിലയുടെ 10 ശതമാനം പലിശയും ഉപഭോക്താവിന് നേരിട്ട മാനസിക സമ്മർദത്തിനും മറ്റു ബുദ്ധിമുട്ടുകൾക്കും ഒരു ലക്ഷം രൂപ പിഴയും കോടതി ചെലവുകൾക്കും മറ്റുമായി 20,000 രൂപയും ഉൾപ്പെടെയാണ് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.