ജനസേവ ശിശുഭവനിലെ രാജേശ്വരിയുടെയും കോഴിക്കോട് കൊടുവള്ളി വെള്ളാമ്പാറമലയിൽ നിതിൻ ലാലിൻ്റെയും വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്നപ്പോൾ

ജനസേവ ശിശുഭവനിലെ ഇരുപത്തഞ്ചാമത്തെ വിവാഹം; രാജേശ്വരിമോൾക്ക് വരനായി നിതിൻലാൽ 

ആലുവ: ജനസേവ ശിശുഭവനിലെ രാജേശ്വരിമോൾക്ക് തുണയായി ഇനിമുതൽ നിതിൻലാൽ ഉണ്ടാകും. ഞായറാഴ്ച രാവിലെ 11:30ന് ഗുരുവായൂർ അമ്പലനടയിൽ  വച്ച് നിതിൻലാൽ രാജേശ്വരിയെ താലിചാർത്തി. ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോളിൻ്റെ സാന്നിധ്യത്തിൽ ചെയർമാൻ ജോസ് മാവേലി രാജേശ്വരിയുടെ പിതൃസ്ഥാനത്തുനിന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കോഴിക്കോട് കൊടുവള്ളി മറിവീട്ടിൽതാഴം വെള്ളാമ്പാറമലയിൽ ശ്രീനിവാസന്‍റെയും  സീനയുടെയും മകനാണ് നിതിൻലാൽ. നിതിൻലാൽ എളനാട് മിൽക്ക്സ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറാണ്. ജനസേവ ശിശുഭവനിലെ 25-ാമത്തെ വിവാഹമാണിത്.

പിതാവ് രാമുവിൻ്റെ മരണത്തെ തുടർന്ന് അമ്മ ശാന്ത ഉപേക്ഷിച്ചു പോയപ്പോൾ ജീവിതം വഴിമുട്ടിയ രാജേശ്വരിയെയും സഹോദരൻ കാർത്തിക്കിനെയും നാട്ടുകാരാണ് ജനസേവയിൽ എത്തിച്ചത്. കാർത്തിക്കും രാജേശ്വരിയും ജനസേവയിൽ നിന്ന് പഠനം പൂർത്തിയാക്കിയവരാണ്. ഇവർ രണ്ടുപേരും എളനാട് മിൽക്ക്സ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഇതേ കമ്പനിയിലെ തന്നെ ജീവനക്കാരനായ വരൻ നിതിൻലാൽ ഇവിടെ വച്ചാണ് രാജേശ്വരിയെ പരിചയപ്പെട്ടതും ജീവിതപങ്കാളിയാക്കാൻ തീരുമാനിച്ചതും.

രാജേശ്വരിയെ വിവാഹശേഷം ഫാഷൻ ടെക്നോളജി പഠിപ്പിച്ച് സ്വന്തമായി ടെക്സ്റ്റൈൽ സ്ഥാപനം തുടങ്ങാനാണ് നിതിൻലാലിൻ്റെ ഭാവി പദ്ധതി.  സന്മനസ്സുള്ളവരുടെ കൂട്ടായ്മയിൽ 1996-ൽ ആരംഭിച്ച ജനസേവ ശിശുഭവൻ കഴിഞ്ഞ 26 വര്‍ഷംകൊണ്ട് രണ്ടായിരത്തോളം കുട്ടികളെ തെരുവിലെ ക്രൂരതകളില്‍നിന്നും രക്ഷിച്ച് സമുഹത്തിന്‍റെ മുഖ്യധാരയിലെത്തിച്ചിട്ടുണ്ട്.

സന്തോഷ് ട്രോഫി താരമുള്‍പ്പെടെ നിരവധി ജില്ല സംസ്ഥാന കായിക താരങ്ങള്‍, ബാങ്ക് ജീവനക്കാര്‍, നഴ്സ്മാര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, ആയുര്‍വേദ തെറാപ്പിസ്റ്റുമാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്യൂട്ടീഷന്‍മാര്‍, ഷെഫുമാര്‍, ഇതര സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാര്‍, ടെക്സ്‌റ്റൈല്‍ ജീവനക്കാര്‍, ഓഫിസ് ജീവനക്കാര്‍, കമ്പനി തൊഴിലാളികള്‍ തുടങ്ങി സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നവരുടെ ഒരു നീണ്ട നിരതന്നെ ജനസേവയുടെ അഭിമാനമായി ഇന്ന് സമൂഹത്തിന്‍റെ ഭാഗമാണ്. ഇപ്പോൾ ജനസേവ ശിശുഭവൻ രാജസ്ഥാനിലെ ചേരിപ്രദേശത്തെ കുട്ടികളുടെ ഇടയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - 25th wedding at Janaseva Sishu Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.