തിരുവനന്തപുരം: സാേങ്കതിക സർവകലാശാലയിൽ 23ന് നടന്ന ബി.ടെക് മൂന്നാം സെമസ്റ്റർ സപ്ലിമെൻററി പരീക്ഷക്കിടെ നടന്ന കൂട്ട കോപ്പിയടിയിൽ നാല് കോളജുകളിൽനിന്നായി പിടിച്ചത് 28 മൊബൈലുകൾ. പാലക്കാട് ജില്ലയിലെ കോളജിൽനിന്ന് 16ഉം മലപ്പുറം ജില്ലയിലെ കോളജിൽനിന്ന് 10ഉം തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലെ ഒാരോ കോളജിൽനിന്ന് ഒന്ന് വീതവുമാണ് ഇൻവിജിലേറ്റർമാർ പിടിച്ചെടുത്തത്. ഈ കോളജുകളിലെ പ്രിൻസിപ്പൽമാരുമായും പരീക്ഷവിഭാഗം അധ്യാപകരുമായും സർവകലാശാല പരീക്ഷ ഉപസമിതി നടത്തിയ ഓൺലൈൻ ഹിയറിങ്ങിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
പരീക്ഷാഹാളിൽ മൊബൈൽ നിരോധനമുണ്ട്. മൊബൈലുകൾ പുറത്തുവെക്കണമെന്ന് ഇൻവിജിലേറ്റർ നിർദേശിക്കാറുണ്ട്. എന്നാൽ, ഇൻവിജിലേറ്ററെ ബോധ്യപ്പെടുത്താൻ ഒന്ന് പുറത്തുവെക്കുകയും രഹസ്യമായി കരുതിയ മറ്റൊന്നുമായി ഹാളിലേക്ക് കയറിയവരുമുണ്ടെന്നാണ് വിവരം. അനധികൃതമായി മൊബൈലുമായി കയറുന്നവർക്ക് തുടർന്നുള്ള മൂന്ന് തവണവരെ പരീക്ഷ എഴുതാനാകില്ലെന്നാണ് നിയമം. ചില കോളജുകളിൽ മൊബൈലുകൾ തിരികെ ആവശ്യപ്പെട്ട് അധ്യാപകരോട് കയർത്ത സംഭവവുമുണ്ടായി.
ഒരേ വിഷയത്തിനായി പല വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ചെന്നാണ് നിഗമനം. 75 മാർക്കിനുള്ള ഉത്തരങ്ങൾവരെ ചില ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെട്ടു. പല മൊബൈലുകളും ലോക് ചെയ്ത സ്ഥിതിയിലാണ്. ഓരോ കോളജുകളിലെയും അച്ചടക്കസമിതി കൂടി വിശദ റിപ്പോർട്ടുകൾ അഞ്ച് ദിവസത്തിനകം നൽകാൻ പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.