ഉൗഹാപോഹങ്ങൾ മാത്രം ബാക്കിയാക്കി കേരള ഷിപ്പിങ് കോർപറേഷെൻറ ആദ്യത്തേതും അവസാനത്തേതുമായ ചരക്കു കപ്പൽ എം.വി കൈരളി ചരക്കുമായുള്ള യാത്രാമധ്യേ കാണാതായിട്ട് ഇൗ ജൂലൈ നാലിന് 38 വർഷം തികയുകയാണ്. 1979 ജൂലൈ മൂന്നിനാണ് കൈരളിയിൽനിന്ന് അവസാന സന്ദേശം ലഭിക്കുന്നത്. അതോടെ, ക്യാപ്റ്റനും ചീഫ് എൻജിനീയറും കുഞ്ഞും ഭാര്യയും ജീവനക്കാരുമടങ്ങുന്ന 51 പേർ ഓർമയായി. ഇരുമ്പയിര് കയറ്റി ഗോവയിൽനിന്ന് പോകുന്ന വഴിയാണ് കൈരളി അപ്രതീക്ഷിതമായി കാണാതായത്. ഇത് കപ്പലിെൻറ ചരക്കുമായുള്ള മൂന്നാമത്തെ യാത്രയായിരുന്നു. 1979 ജൂൺ 30നാണ് ഗോവയിലെ മർഗോവ തുറമുഖത്തുനിന്ന് കൈരളി യാത്രയായത്. കൈരളിയുടെ ക്യാപ്റ്റൻ മറിയാദാസ് ജോസഫിനും അതിലെ മറ്റു മലയാളി ഉദ്യോഗസ്ഥന്മാർക്കും ആതിഥ്യം നൽകാനും തുടർന്ന് കൈരളി സന്ദർശിക്കാനും അവസരം ലഭിച്ചതിെൻറ ഓർമകളാണ് ഇവിടെ കുറിക്കുന്നത്.
1979 ജനുവരിയിലാണ് കൊച്ചി തുറമുഖത്തുനിന്ന് ഗോവ അതിർത്തിക്കടുത്ത് മഹാരാഷ്്ട്രയിലെ റെഡി തുറമുഖത്ത് കൈരളി എത്തുന്നത്. അവിടെനിന്ന് ഇരുമ്പയിര് കയറ്റി റുേമനിയയിലേക്ക് പോകാനായിരുന്നു ഉദ്ദേശ്യം. ചരക്കുമായി കൈരളിയുടെ ഉദ്ഘാടന യാത്രയായിരുന്നു ഇത്. റെഡി ഗ്രാമത്തിലെ പ്രധാന ഇരുമ്പയിര് കമ്പനികളായ ന്യൂ ഇന്ത്യ മൈനിങ് കോർപറേഷൻ, ഡക്കാൻ മിനറൽസ്, ഗോഗ്ടൈ മിനറൽസ് എന്നിവയുടെ ഖനികളിൽനിന്ന് കുഴിച്ചെടുക്കുന്ന ഇരുമ്പയിര് വിദേശത്തേക്ക് കയറ്റിയയക്കുന്ന ഒരു ചെറിയ തുറമുഖമാണ് റെഡിയിലേത്. 1991ന് മുമ്പ് ഇരുമ്പയിര് കയറ്റി അയച്ചിരുന്നത് കേന്ദ്ര സർക്കാറിെൻറ കീഴിലെ മിനറൽ ആൻഡ് മെറ്റൽസ് കോർപറേഷൻ വഴിയായിരുന്നു. ഉദാരവതീകരണ നയം നടപ്പാക്കിയശേഷം സ്വകാര്യ സ്ഥാപനങ്ങൾ നേരിട്ടാണ് ഇരുമ്പയിര് കയറ്റിയയക്കുന്നത്.
ഇരുമ്പയിര് ജെട്ടിയിൽനിന്ന് ട്രക്കുകളിലൂടെ ബാർജുകളിൽ നിറച്ച് അവ കപ്പലിനടുത്തു പോയി തൊഴിലാളികൾ ക്രയിൻ വഴി കപ്പലിൽ നിറക്കുന്ന ലോഡിങ് രീതിയാണ് ഇവിടെയുള്ളത്. ബാർജുകളിൽ ജോലിചെയ്യാനായി നൂറുകണക്കിന് തൊഴിലാളികൾ കൊങ്കൺ ഭാഗത്തുനിന്ന് ഇവിടെ എത്തും.
ഈ കാലത്ത് ഇൗ ലേഖകൻ (1975–85) റെഡി തുറമുഖത്ത് അക്കൗണ്ട്സ് ക്ലർക്കായി ജോലിചെയ്യുകയായിരുന്നു. 1979 ജനുവരി 15നാണ് കൈരളി റെഡിയിലെത്തുന്നത്. ഈ വിവരം നേരത്തേതന്നെ ഞാൻ എം.എം.ടി.സിയിൽനിന്ന് അറിഞ്ഞിരുന്നു. കപ്പലിൽ കേരളത്തിലെ ഷിപ്പിങ് വകുപ്പ് ചുമതലയുള്ള മന്ത്രി ആർ. ബാലകൃഷ്ണപ്പിള്ളയും ഉണ്ടാകുമെന്ന് അറിഞ്ഞു. ഇതോടെ, റെഡി തുറമുഖത്തുള്ള ഞങ്ങൾ ഏതാനും മലയാളികൾ മന്ത്രിക്ക് ഒരു ചെറിയ സ്വീകരണം നൽകാൻ തീരുമാനിച്ചു. ഉദ്ദേശിച്ചപോലെ ജനുവരി 15 ന് രാവിലെ ഒമ്പേതാടെ കൈരളി റെഡി തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിൽനിന്ന് ‘മയൂരി’ എന്ന ബോട്ട് വഴിയാണ് മന്ത്രിയെ ജെട്ടിയിലെത്തിച്ചത്. മന്ത്രിക്ക് ഒപ്പം ഭാര്യയും മകൻ ഗണേഷ്കുമാറുമുണ്ട്. അവരെ തുറമുഖ അധികൃതർ സ്വീകരിച്ചു. മലയാളി സംഘം മന്ത്രിയെ ഹാരമണിയിച്ചു. ചെറിയ ചായ സൽക്കാരത്തിന് ഒരുക്കം ചെയ്തിട്ടുണ്ടെന്ന് മന്ത്രിയെ അറിയിച്ചെങ്കിലും അതൊന്നും വേണ്ട പിന്നീടാകാം എന്നു പറഞ്ഞ് അദ്ദേഹം യാത്ര തിരിച്ചു. അപ്പോഴേക്കും മഹാരാഷ്ട്ര സർക്കാറിെൻറ കാർ എത്തി അവരെ പനാജി എയർ പോർട്ടിലേക്കു കൊണ്ടുപോയി.
ഇരുമ്പയിര് കയറ്റാനായി കൈരളി ഒരാഴ്ചയോളം റെഡി തുറമുഖത്തുണ്ടായിരുന്നു. കപ്പലിെൻറ ക്യാപ്റ്റനടക്കം പലരും മലയാളികളാണെന്നറിഞ്ഞ ഞങ്ങൾ അവരെ മലയാളികളായ കാർഗോ സൂപ്പർവൈസർമാർ വഴി തുറമുഖത്തേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ക്യാപ്റ്റൻ മറിയാദാസ് ജോസഫ് അടക്കം ആറുപേർ തുറമുഖത്ത് എത്തി. കടലോരത്ത് ഞങ്ങളുടെ താമസസ്ഥലത്തിനു മുന്നിലായി തന്നെ അവർക്ക് ഗോവൻ വിഭവങ്ങളുമായി ഹൃദ്യമായ വിരുന്നുനൽകി. ക്യാപ്റ്റൻ എഴുതിയ കൈരളി എന്ന കവിത ആ വിരുന്നിൽവെച്ച് അദ്ദേഹം വായിച്ചു. അതിലെ വരികൾ ഇപ്പോൾ ഓർമയില്ലെങ്കിലും മലയാള നാടിനെയും മലയാളികളെയും ആത്മാർഥമായി സ്നേഹിക്കുന്ന ഒരു മനസ്സിെൻറ പ്രതിഫലനം ആ വരികളിലുണ്ടായിരുന്നു.
തുടർന്ന് ക്യാപ്റ്റൻ ഞങ്ങളെ കൈരളി സന്ദർശിക്കാനായി ക്ഷണിച്ചു. അടുത്ത ദിവസംതന്നെ ഞങ്ങൾ സന്ദർശിച്ചു. 1967ൽ നിർമിച്ച കപ്പലായിരുന്നു അത്. റെഡിയിൽനിന്ന് ഉദ്ദേശിച്ച അളവിൽ ഇരുമ്പയിര് കയറ്റാൻ ചീഫ് ഓഫിസർ തയാറാവാത്തതിനാൽ തർക്കം നടന്നിരുന്നു. കോഴിക്കോട് പോർട്ട് ഓഫിസറായിരുന്ന കെ.പി. രാമചന്ദ്രൻ നായരായിരുന്നു െഡപ്യൂട്ടേഷനിൽ കപ്പലിലെ അന്നത്തെ ചീഫ് ഓഫിസർ. മാസങ്ങൾക്കുശേഷം കൈരളി കാണാതായെന്ന വിവരം റെഡിയിൽനിന്നു ഞങ്ങൾ അറിഞ്ഞപ്പോൾ ആദ്യം ഓർത്തത് ക്യാപ്റ്റൻ മറിയാദാസിനെയും ഏതാനും മാസങ്ങൾക്കുമുമ്പു നടന്ന ചെറിയ സൗഹൃദ കൂട്ടായ്മയെ കുറിച്ചുമായിരുന്നു. അതിനുശേഷം കൈരളിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരുന്നു.
നോർവേയിൽനിന്ന് 5.81 കോടി രൂപക്കാണ് കേരള ഷിപ്പിങ് കോർപറേഷൻ ഈ കപ്പൽ വാങ്ങിയത്. ഓസ്കർ സോഡ് എന്ന് പേരുള്ള ഈ കപ്പൽ പേരുമാറ്റി കൈരളി എന്നാക്കുകയായിരുന്നു. 1979 ജൂൺ 30ന് ഗോവയിലെ മഡ്ഗോവ തുറമുഖത്തുനിന്ന് 20,538 ടൺ ഇരുമ്പയിരുമായി ജർമനിയിലെ റോസ്റ്റക് തുറമുഖത്തേക്ക് പോകുന്ന വഴിയാണ് കൈരളി ദുരൂഹസാഹചര്യത്തിൽ കാണാതാവുന്നത്. 1979 ജൂൈല മൂന്നിന് രാത്രി എട്ടിന് കൈരളിയിൽനിന്ന് അവസാന സന്ദേശം ലഭിച്ചശേഷം ഇന്നുവരെ ഈ കപ്പലിനെക്കുറിച്ച് ഒരു വിവരവുമില്ല. കപ്പലിെൻറ റഡാർ സംവിധാനത്തിനു തകരാറുണ്ടെന്ന് ക്യാപ്റ്റൻ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. കപ്പലിൽ അനുവദനീയമായതിൽ കൂടുതൽ ഇരുമ്പയിര് കയറ്റിയിരുന്നുവെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു. ഇരുമ്പയിര് നിറച്ച കപ്പലിലെ അറകൾ വേണ്ടരീതിയിൽ നിരപ്പാക്കിയിരുന്നില്ല എന്ന സംശയവും അന്നുണ്ടായിരുന്നു. കപ്പലുമായുള്ള വാർത്താവിനിമയ ബന്ധം വേർപെട്ടത് ഷിപ്പിങ് കോർപറേഷൻ അറിയുന്നത് ദിവസങ്ങൾക്കുശേഷമാണ് എന്നതും ഫലപ്രദമായ തിരച്ചിൽ വൈകാൻ കാരണമായെന്ന ആരോപണവും നിലനിൽക്കുന്നു.
ഏതായാലും കൈരളി കാണാതായതുകൊണ്ട് കേരള സർക്കാറിന് സാമ്പത്തിക നഷ്ടമൊന്നുമുണ്ടായില്ല. 6.4 കോടി രൂപ ഈ ഇനത്തിൽ സർക്കാറിനു ഇൻഷുറൻസ് തുക ലഭിച്ചു. നഷ്ടമായത് 51 കുടുംബങ്ങൾക്കു മാത്രം. ഇത് സംബന്ധിച്ച് കൈരളിയോടൊപ്പം കാണാതായവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട സമിതി അന്വേഷണം നടത്തിയിരുന്നു. അവരുടെ റിപ്പോർട്ടിൽ ഉന്നയിച്ച ചോദ്യങ്ങളും സംശയങ്ങളും ഇന്നും ഉത്തരം ലഭിക്കാതെയിരിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ കാണാതായിട്ട് ബന്ധപ്പെട്ട അധികൃതർ അന്വേഷണ കാര്യത്തിൽ വിമുഖത കാണിച്ചതെന്തുകൊണ്ട് എന്ന് അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. റഡാർ തകരാറായതിനാൽ ഗോവ തുറമുഖത്തുനിന്ന് റഡാർ ശരിയാക്കിയശേഷം ജൂലൈ നാലിന് മാത്രമേ കപ്പൽ പുറപ്പെടൂ എന്ന് ക്യാപ്റ്റൻ പറഞ്ഞപ്പോൾ കേരള ഷിപ്പിങ് കോർപറേഷെൻറ അന്നത്തെ ലെയ്സൺ ഓഫിസർ ജൂൺ 30നുതന്നെ കൈരളി തുറമുഖം വിടണമെന്ന് നിർദേശിച്ചത്രെ. ഇൗ വിഷയത്തിൽ ലെയ്സൺ ഒാഫിസറും ക്യാപ്റ്റനുമായി തർക്കം നടന്നിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റഡാർ ശരിയാക്കി ജൂൈല നാലിനായിരുന്നു കൈരളി പുറപ്പെട്ടിരുന്നതെങ്കിൽ ഈ ദുർവിധി ഉണ്ടാകുമായിരുന്നില്ലെന്ന് കരുതുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.