തിരുവനന്തപുരം: 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് തുടങ്ങും. രണ്ട് കോർപറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇതിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെക്കേകുന്നുമ്പ്രം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ നിർണായകമാണ്. ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്കാണ് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണം ലഭിക്കുക. സി.പി.എം അംഗം രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
എൽഡിഎഫ് - 5, യുഡിഎഫ്- 5, എസ്ഡിപിഐ- 4 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. സി.പി.എം അംഗം കെ.പി. രാജാമണി രാജിവെച്ച ഒഴിവിലേക്കാണ് മത്സരം നടന്നത്. നാല് അംഗങ്ങളുള്ള എസ്.ഡി.പി.ഐ എന്തെങ്കിലും നിലപാട് സ്വീകരിച്ചാൽ അതും പഞ്ചായത്ത് ഭരണത്തെ നിർണ്ണയിക്കും. എന്നാൽ തെക്കേകുന്നുമ്പ്രം വാർഡിൽ എസ്.ഡി.പി.ഐ മത്സരിച്ചില്ല.
ഉപതെരഞ്ഞെടുപ്പിൽ 78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. എറണാകുളം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നതിൽ തടസ്സമില്ലെന്നും വോട്ടെണ്ണാമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എറണാകുളം കലക്‌ടറെ അറിയിച്ചു. തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് പശ്‌ചാത്തലത്തിലാണ് ഇത് സംബന്ധിച്ച വ്യക്തതയ്‌ക്കായി കലക്‌ടർ കമീഷനെ സമീപിച്ചത്.
എറണാകുളം ജില്ലയിൽ അഞ്ചു തദ്ദേശഭരണസ്ഥാപനങ്ങളിലെ ആറ് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ബുധൻ പകൽ 9.30ന് നടക്കും. കൊച്ചി നഗരസഭ 62–-ാം ഡിവിഷനായ എറണാകുളം സൗത്തിലെ വോട്ടുകൾ എറണാകുളം മഹാരാജാസ് കോളേജിലാണ് എണ്ണുന്നത്. തൃപ്പൂണിത്തുറ 11-ാം ഡിവിഷൻ ഇളമനത്തോപ്പ്, 46 -ാം ഡിവിഷൻ പിഷാരി കോവിൽ എന്നിവിടങ്ങളിലേത് തൃപ്പൂണിത്തുറ നഗരസഭാ ഓഫീസിലും കുന്നത്തുനാട് പഞ്ചായത്ത് 11 -ാം വാർഡ് വെമ്പിള്ളിയിലേത് കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിലും വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡായ മൈലൂരിലേത് വാരപ്പെട്ടി പഞ്ചായത്ത് കോൺഫറൻസ് ഹാളിലും നെടുമ്പാശേരി പഞ്ചായത്തിലെ 17-ാം വാർഡായ അത്താണി ടൗണിലേത് നെടുമ്പാശേരി പഞ്ചായത്ത് ഓഫീസിലും എണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.