തിരുവനന്തപുരം: മഞ്ഞ കാർഡുകാർക്ക് സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് വാങ്ങാൻ അക്ഷരാർഥത്തിൽ ഉത്രാടപ്പാച്ചിൽ. ആകെയുള്ള 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകളിൽ 4.95 ലക്ഷം പേർ റേഷൻ കടകളിലെത്തി കിറ്റ് വാങ്ങി. തിങ്കളാഴ്ച മാത്രം 2.41 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്തത്. ഇതുകൂടാതെ 20,000 കിറ്റുകൾ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും 136 ആദിവാസി ഊരുകളിലും നേരിട്ടെത്തിച്ച് നൽകിയിരുന്നു.
ഇതടക്കം ആകെ 5.15 ലക്ഷം സൗജന്യ ഓണക്കിറ്റുകളാണ് തിങ്കളാഴ്ച രാത്രി എട്ടുവരെ വിതരണം ചെയ്തത്. 5.87 ലക്ഷം പേരിൽ നാലു ലക്ഷം പേർക്കും കിറ്റ് എത്തിക്കാൻ തയാറെടുപ്പുകൾ നടത്തിയിരുന്നത് തിങ്കളാഴ്ചയാണ്. ഇതിനായി ഞായറാഴ്ചയാണ് മതിയായ കിറ്റുകളെത്തിച്ചതും. ഓണത്തിനു മുമ്പുതന്നെ കിറ്റ് വാങ്ങുന്നതിനാൽ ആളുകൾ കൂട്ടമായി എത്തിയതോടെ ഫലത്തിൽ റേഷൻ കടകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വാങ്ങാനെത്തുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് തിങ്കളാഴ്ച റേഷൻ കടകളുടെ പ്രവർത്തനം രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ദീർഘിപ്പിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണമുണ്ടായിരുന്നതിനാൽ കിറ്റ് വിതരണം നടന്നിരുന്നില്ല. നിയന്ത്രണം നീക്കി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഉത്തരവിറക്കിയത് തിങ്കളാഴ്ച രാത്രി 7.15 നാണ്. അടുത്ത ദിവസങ്ങളിൽ സാധ്യമാകും വേഗത്തിൽ തന്നെ പുതുപ്പള്ളിയിൽ വിതരണം നടത്താനാണ് ഭക്ഷ്യ വകുപ്പിന്റെ നിർദേശം. കോട്ടയം ജില്ലയിൽ 34,509 മഞ്ഞ കാർഡ് ഉടമകളാണുള്ളത്. ഇതിൽ 500 ഓളം പേർക്ക് കിറ്റുകൾ നൽകി.
ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം സുഗമമായി നടക്കുകയും 83 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായും മന്ത്രി അനിൽ അറിയിച്ചു. റേഷൻ കടകൾ ഇനി മൂന്ന് അവധി ദിനങ്ങൾക്കുശേഷം സെപ്റ്റംബർ ഒന്നിനാണ് തുറക്കുക. ഞായറാഴ്ചയും തുറന്നു പ്രവർത്തിച്ചതിനാലാണ് തിരുവോണത്തിനും ചതയത്തിനും പുറമെ, അവിട്ടം ദിനത്തിനും അവധി നൽകേണ്ടിവന്നത്. തിങ്കളാഴ്ച കിറ്റ് ലഭിക്കാത്തവർക്ക് അടുത്ത ദിവസം വാങ്ങുന്നതിന് ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച കിറ്റ് കൈപ്പറ്റാൻ കഴിയാത്ത മഞ്ഞ കാർഡുടമകൾക്ക് അടുത്ത പ്രവൃത്തിദിവസം വാങ്ങുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്തെ ഒരു മഞ്ഞ കാർഡുകാരനും കിറ്റ് നിഷേധിക്കില്ലെന്നും അവസാനം എത്തുന്ന കാർഡുടമക്കും കിറ്റ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഉത്രാടദിനത്തിൽ സംസ്ഥാനത്തെ റേഷൻകടകൾ ഇടവേളകളില്ലാതെ പ്രവർത്തിക്കണമെന്ന സർക്കാർ നിർദേശം വലിയ ഒരുവിഭാഗം റേഷൻവ്യാപാരികൾ പാലിച്ചുവെന്നും എന്നാൽ ചില വ്യാപാരികൾ ഇതിനോട് വേണ്ട രീതിയിൽ പ്രതികരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സപ്ലൈകോയുടെ വിപണി ഇടപെടൽ ഏറെ സഹായകരമായെന്ന് മന്ത്രി പറഞ്ഞു.
ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോ വഴി വിൽപന നടത്തിയതിനാൽ ജനങ്ങൾക്ക് ഈ ഓണക്കാലത്ത് വിലക്കയറ്റം അനുഭവപ്പെട്ടിട്ടില്ല. ഈ വർഷത്തെ ജില്ല ഫെയറുകളിൽനിന്നുമാത്രം ഏകദേശം ഏഴ് കോടി രൂപക്കടുത്ത വിൽപന നടന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.