തിരുവനന്തപുരം: നിയമസഭ സമ്മേളനം ഒരാഴ്ച പിന്നിടുേമ്പാൾ കോവിഡ് ബാധിതരായ എം.എൽ.എമാരുടെ എണ്ണം അഞ്ചായി. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറുന്നതിന് പിന്നാലെയാണ് ജനപ്രതിനിധികൾക്കുകൂടി വൈറസ് ബാധ പടരുന്നത്.
കെ. ആൻസലൻ (െനയ്യാറ്റിൻകര), കെ. ദാസൻ (കൊയിലാണ്ടി), മുകേഷ് (കൊല്ലം), ഇ.എസ്. ബിജിമോൾ (പീരുമേട്) എന്നിവർക്കു പുറമെ തിങ്കളാഴ്ച ഡി.കെ. മുരളിക്കുകൂടി (വെഞ്ഞാറമൂട്) കോവിഡ് പോസിറ്റിവായി. പല ജനപ്രതിനിധികളും പലവിധ രോഗങ്ങൾക്കും മരുന്ന് കഴിക്കുന്നവരും 50ഉം അതിലേറെയും പ്രായമുള്ളവരുമാണ്. എം.എൽ.എമാരുടെ ഇരിപ്പിടങ്ങൾ കോവിഡ് മാനദണ്ഡപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്. സമ്മേളന നടത്തിപ്പും അപ്രകാരമാണെന്നാണ് അധികൃതരുടെ ഭാഷ്യം.
എന്നാൽ, എം.എൽ.എമാർ തമ്മിലും സഭയിലെ ഉദ്യോഗസ്ഥരും മാധ്യമപ്രതിനിധികളും തമ്മിലും പൊതു സ്ഥലങ്ങളിൽ അടുത്തിടപഴകുന്നുണ്ട്. കേന്ദ്രീകൃതമായി ശീതീകരിച്ച മുറിയിലാണ് രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകീട്ടുവരെ സമ്മേളനം നടക്കുന്നത്. ലിഫ്റ്റിൽ അടക്കം ആളുകളെ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും വൈറസ് ബാധ പകരുന്നതിന് അനുയോജ്യ സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദേശീയതലത്തിൽതന്നെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണ്- 10.11 ശതമാനം. ശരാശരി 20 ഒാളം പേരാണ് ദിനംപ്രതി സംസ്ഥാനത്ത് മരിക്കുന്നതും. എന്നാൽ, ഇൗ സാഹചര്യത്തിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെടുന്നതിൽ ഭരണ, പ്രതിപക്ഷ മുന്നണികൾക്ക് രാഷ്ട്രീയ പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ബജറ്റ് സമ്മേളം ആരംഭിച്ചതുമുതൽ ഇരുപക്ഷവും ശക്തമായ രാഷ്ട്രീയ ആക്രമണമാണ് പരസ്പരം നടത്തുന്നത്. ജനുവരി 21ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായി പ്രതിപക്ഷത്തെ എം. ഉമ്മർ നൽകിയ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാൻ നിശ്ചയിച്ചിരിക്കുകയാണ്. ആ സാഹചര്യത്തിൽ സമ്മേളന കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ഒളിച്ചോടലായി ചിത്രീകരിക്കുമോ എന്ന ആശങ്ക ഭരണ- പ്രതിപക്ഷത്തിനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.