50 കോടി കൈമാറൽ: ട്രഷറി ഡയറക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്


കോഴിക്കോട്: സർക്കാർ അനുവദിച്ച് ഫണ്ട് കൈമാറുന്നതിൽ ട്രഷറി ഡയറക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. സർക്കാർ ഉത്തരവിലെ മാർഗനിർദ്ദേശങ്ങൾ ട്രഷറികളിൽ ഉദ്യോഗസ്ഥർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഡയറക്ടർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജില്ലാ ട്രഷറികളിൽ മാർഗനിർദ്ദേശങ്ങളെല്ലാം കാറ്റിൽപറത്തി പല പദ്ധതികൾക്കുമുള്ള തുക കൈമാറ്റം നടത്തിയെന്നും ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി.

2021 മാർച്ചിൽ ചട്ടവിരുദ്ധമായി 50 കോടി രൂപ കേരള സർവകലാശാല ഡിജിറ്റൽ സയൻസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി (കെ.യു.ഡി.എസ്.ഐ..ടി) എന്ന സ്ഥാപനത്തിന് കൈമാറിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. 10 തവണകളിലായി അഞ്ചു കോടി രൂപ വീതം വിവിധ ചെക്കുകൾ മുഖേന തിരുവനന്തപുരം ജില്ലാ ട്രഷറിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ് മന്റെിന്റെ (ഐ.ഐ.ഐ.ടി.എം.കെ) പി.എസ്. ടി.എസ്.ബി അക്കൗണ്ടിൽ നിന്നും (കെ.യു.ഡി.എസ്.ഐ..ടി) എന്ന സ്ഥാപനത്തിൻറെ കാനറാ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയത്. മാർച്ച് രണ്ടു മുതൽ 17 വരെയുള്ള തീയതികളിലാണ് കൈമാറ്റം നടത്തിയത്.



 


ഈ രണ്ട് സ്ഥാപനങ്ങളിലെയും ജില്ലാ ട്രഷറിയിലെയും അധികാരികൾ ഇക്കാര്യത്തിൽ നിലവിലെ സർക്കാർ മാർഗ നിർദേശങ്ങളെല്ലാം ലംഘിച്ചു. അവർ പേമെ ന്റുകളും തുടർനടപടികളും സ്വീകരിച്ചു. ധനകാര്യ വകുപ്പിൻറെ 1996 ലെ സർക്കുലർ പ്രകാരം ട്രഷറിയിൽ സൂക്ഷിച്ചിരുന്ന തുക പിൻവലിച്ച് വാണിജ്യ സഹകരണ ബാങ്കിൽ നിക്ഷേപിക്കാൻ പാടില്ല. അന്തിമ ഗുണഭോക്താവിനല്ലാതെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്ന് മറ്റ് എസ്.ടി.എസ്.ബി അക്കൗണ്ടിലേക്കോ, ബാങ്ക് അക്കൗണ്ടിലേക്കോ ഫണ്ട് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ പാടില്ലെന്ന നിർദ്ദേശവും ലംഘിച്ചു.

റിലീസ് ചെയ് ത ഫണ്ട് ബാങ്കുകളിൽ പാർക്ക് ചെയ്യാൻ പാടില്ലെന്ന എന്ന നിർദേശവും ഉദ്യോഗസ്ഥർ അവഗണിച്ചു. ട്രഷറിയിൽ നിന്ന് പിൻവലിച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച തുക അടിയന്തരമായി ട്രഷറിയിൽ തിരികെ അടയ്ക്കണമെന്നന ധകാര്യവകുപ്പിന്റെ നിബന്ധനയും പാലിച്ചില്ല. ട്രഷറി വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ പേമെൻറ് നടത്തിയത്. ഫണ്ട് റിലീസിനായി സമർപ്പിക്കുന്ന നടപടിക്രമത്തിൽ ചെലവ് സംബന്ധിച്ച വിശദാംശങ്ങൾ നൽകിയില്ല. ഇക്കാര്യത്തിലും ഭരണാനുമതി ഉത്തരവിലെ നിർദ്ദേശം കാറ്റിൽപ്പറത്തി.

നടപ്പ് സാമ്പത്തിക വർഷം ചെലവഴിക്കാൻ കഴിയുന്ന തുക മാത്രമേ ആ വർഷം പിൻവലിക്കാൻ പാടുള്ളൂവെന്ന ഫണ്ട് റിലീസിംഗ് സംബന്ധിച്ച ഉത്തരവിലെ നിർദ്ദേശവും അട്ടിമറിച്ചു. സാമ്പത്തിക വർഷത്തിന്റെ അന്തിമഘട്ടത്തിൽ യാതൊരു ചെലവും നടത്താതെ ഓപ്പൺ ട്രഷറിയിൽ നിന്ന് തുക പിൻവലിച്ചു ബാങ്കിലേക്ക് മാറ്റിയെന്ന് പരിശോധനയിൽ കണ്ടെത്തി. യഥാർഥ ആവശ്യത്തിനല്ലാതെ ഫണ്ട് വിതരണം ചെയ്യാൻ പാടില്ലെന്ന 2020 ഡിസംബർ 10 ലെ ഭരണാനുമതി ഉത്തരവിലെ നിർദേശവും ലംഘിച്ചു.

ട്രഷറിയിൽ നിന്നും തുക പിൻവലിച്ച് നിക്ഷേപം നടത്തിയ ബാങ്ക് അക്കൗണ്ടുകൾ ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ആരംഭിച്ചതെന്നും പരിശോധനയിൽ വ്യക്തമായി. 2020-21 സാമ്പത്തിക വർഷത്തിലെ മാസാവസാനത്തിലെ ട്രഷറി ഇടപാടുകളിൽ സർക്കാരിൻറെ സാമ്പത്തിക നിർവ്വഹണവും ദൃഢീകരണവും സംബന്ധിച്ച ചട്ടങ്ങളും വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലെ മാർഗനിർദ്ദേശങ്ങളും ലംഘിച്ചു. ജില്ലാ ട്രഷറിയിലെ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചു.

ഉത്തരവിൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റോ രേഖകളോയില്ലാതെയാണ് ട്രഷറി ഓഫിസർ ഫണ്ട് കൈമാറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യത്തിൽ ട്രഷറി ഓഫീസുകളിലെ അധികാരികളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. സർക്കാർ ഉത്തരവിൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റോ രേഖകളോയില്ലാതെയാണ് ചെക്കുകൾ ട്രഷറി ഓഫീസർ പാസാക്കി നൽകിയത്.പേയ് മെൻറിനായുള്ള ഓഫീസ് നടപടിക്രമത്തിലെ ആധികാരകത ഉറപ്പുവരുത്തുന്നതിൽ ഓഫിസർ വീഴ്ചവരുത്തി. ഇതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ പരിശോധിക്കാതെ അഡ്വാൻസ് പോയ് മെന്റ് ഇനത്തിൽ തുക നൽകി.

ബില്ല്, ചെക്ക്, ഡി.ഡി എന്നിവ ട്രഷറിയിൽ ഓൺലൈനായി സമർപ്പിക്കാൻ സ്ഥാപനം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ പരിശോധിക്കുന്നതിന് ട്രഷറിയിലെ നിലവിലെ സംവിധാനത്തിൽ നിരവധി പോരായ്മകളുണ്ട്. ധനനിയന്ത്രണങ്ങളും സാമ്പത്തിക ദൃഢീകരണവുമായി ബന്ധപ്പെട്ട ധനകാര്യ വകുപ്പിന്റെ മാഗനിർദ്ദേശങ്ങൾ ജില്ലാ ട്രഷറിയിലെ ഉദ്യോഗസ്ഥരിയൽ യഥാസമയം എത്തുന്നുവെന്നും അതു പ്രകാരം നടപടിക്രമങ്ങൾ നടക്കുന്നുവെന്നും ഉറപ്പുവരുത്തുന്നതിന് ട്രഷറി ഡയറക്ടറുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ മറികടന്ന് ട്രഷറി പേയ്മെന്റ് നടത്തിയെന്ന ആരോപണത്തിൽ 14 ജില്ലകളിലും പരിശോധന നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.