ഗുരുവായൂർ: ദേവസ്വം ബോർഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിഞ്ഞ ആറര വർഷത്തിനിടെ 528 കോടി രൂപ സർക്കാർ നൽകിയതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം ഒഴിച്ചുള്ള നാല് ബോർഡുകൾക്കാണ് ഈ സഹായം നൽകിയതെന്നും മന്ത്രി അറിയിച്ചു. ഗുരുവായൂർ ദേവസ്വം ക്ഷേത്രങ്ങൾക്ക് നൽകുന്ന ധനസഹായ വിതരണവും നവീകരിച്ച പാഞ്ചജന്യം റെസ്റ്റ് ഹൗസിന്റെ സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അക്ബർ എം.എൽ.എ, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി. തന്ത്രി ചേന്നാസ് ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, സി. മനോജ്, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റിവ് സൊസൈറ്റി ഡയറക്ടർ പപ്പൻ എന്നിവർ സംസാരിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുത്ത 541 ക്ഷേത്രങ്ങൾക്ക് 3,44,49,000 രൂപയുടെ ധനസഹായമാണ് നൽകിയത്. നവീകരിച്ച പാഞ്ചജന്യം റസ്റ്റ് ഹൗസിൽ 105 മുറികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.