തൃശൂർ: നടൻ മുരളിയുടെ ശിൽപത്തിന് മുഖച്ഛായ വന്നില്ലെങ്കിലും ശിൽപിക്ക് നൽകിയ ലക്ഷങ്ങൾ ധനവകുപ്പ് എഴുതിത്തള്ളി. സംഗീത നാടക അക്കാദമിയിൽ മുൻചെയർമാനായിരുന്ന മുരളിയുടെ വെങ്കലപ്രതിമ സ്ഥാപിക്കാൻ നൽകിയ 5.70 ലക്ഷമാണ് എഴുതി തള്ളിയത്.
രണ്ട് പ്രതിമ അക്കാദമിയിൽ ഉള്ളപ്പോഴാണ് മൂന്നാമത് പ്രതിമക്ക് 5.70 ലക്ഷം രൂപക്ക് കരാര്‍ നൽകിയത്. ശിൽപി വിൽസൺ പൂക്കായി പ്രതിമയുമായെത്തിയപ്പോൾ അതിന് മുരളിയുമായോ അദ്ദേഹത്തിന്‍റെ ഏതെങ്കിലും കഥാപാത്രങ്ങളുമായോ സാദൃശ്യം ഉണ്ടായിരുന്നില്ല. പുതുക്കി പണിതപ്പോൾ കൂടുതൽ ‘വികൃത’മായി. അതുല്യ പ്രതിഭയെ അപമാനിക്കുന്നതിന് തുല്യമാണ് പ്രതിമയെന്നായി വിമർശനം. ഇതോടെയാണ് സംഗീത നാടക അക്കാദമി പണം തിരിച്ചടക്കാൻ ശിൽപിക്ക് കത്ത് നൽകിയത്.
അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും സാമ്പത്തികമായി കഷ്ടതയിലാണെന്നും തുക തിരിച്ചടക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ശിൽപിയുടെ മറുപടി. അപേക്ഷ പരിഗണിച്ച അക്കാദമി ഭരണസമിതി ഇത് സര്‍ക്കാറിന് അയച്ചു. അപേക്ഷ പരിഗണിച്ച ധനമന്ത്രി തുക എഴുതിത്തള്ളാൻ അനുമതി നൽകി. തീരുമാനം ശരിവെച്ച സാംസ്കാരിക വകുപ്പ് നഷ്ടം അക്കാദമിയുടെ അക്കൗണ്ടിൽ വകയിരുത്തി.
1.98 ലക്ഷവും 70,000 രൂപയും ചെലവിട്ട് അക്കാദമി ഓഡിറ്റോറിയത്തിനും മുരളി തിയറ്ററിനും മുന്നിലായി രണ്ട് പ്രതിമകൾ സ്ഥാപിച്ചിരിക്കെയാണ് മൂന്നാമതൊന്ന് സ്ഥാപിക്കാൻ തീരുമാനിച്ചത്. അക്കാദമി ചെയർമാനായിരുന്ന കെ.ടി. മുഹമ്മദിന്റെ പേരിലാണ് പ്രധാന ഓഡിറ്റോറിയമെങ്കിലും ശിൽപം വേണമെന്ന ആവശ്യം വർഷങ്ങൾക്ക് ശേഷമാണ് ഉയർന്നത്.
ചർച്ചകൾക്കുശേഷം പ്രതിമ നിർമാണത്തിന് തീരുമാനമെടുത്തിരുന്നെങ്കിലും പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.