അഞ്ചാം ക്ലാസുകാരന് റാഗിങ്; കോട്ടൺഹിൽ സ്കൂളിൽ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കൾ

റാഗിങ് പരാതിയെ തുടര്‍ന്ന് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം അണപൊട്ടി. സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞായിരുന്നു പ്രതിഷേധം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ റാഗ് ചെയ്തു എന്നാണ് പരാതി. വിഷയം സ്‌കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍ പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

കുട്ടികള്‍ വീട്ടില്‍ പറഞ്ഞ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇരുപതോളം രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഈ സമയത്താണ് മന്ത്രി ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയത്. രക്ഷിതാക്കളുടെ പരാതി മന്ത്രി നേരിട്ട് കേള്‍ക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ പ്രിന്‍സിപ്പാള്‍, പി.ടി.ഐ പ്രസിഡന്റ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും രക്ഷിതാക്കളുടെ പരാതി കേട്ട ശേഷം മന്ത്രി ഉറപ്പ് നല്‍കി. സ്‌കൂള്‍ കൊമ്പൗണ്ടില്‍ സി.സി ടി.വി സ്ഥാപിക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇതിനുശേഷമാണ് മന്ത്രിയെ പോകാൻ രക്ഷിതാക്കൾ അനുവദിച്ചത്. 

Tags:    
News Summary - 5th class boy raging; Parents blocked Minister Antony Raju at Cottonhill School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.