കുതിരാനിൽ 6.47 കോടിയുടെ അടിയന്തര അറ്റകുറ്റപണി ചൊവ്വാഴ്ച തുടങ്ങും

തൃശൂർ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കുതിരാനിൽ അടിയന്തര അറ്റകുറ്റപണികൾ നടത്താൻ തീരുമാനിച്ചു. 6.47 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടപ്പാക്കുക. അപകടാവസ്ഥ ഒഴിവാക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. നടത്തറയിൽ വെള്ളക്കെട്ട് സൃഷ്​ടിക്കുന്ന കുഴികൾ മൂടും. രാത്രി വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കും. ഗതാഗതം കുറ്റമറ്റതാക്കാൻ പൊലീസിനെയും വിന്യസിക്കും.

ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ല കലക്ടർ എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. റോഡിലെ അപകടാവസ്ഥയിൽ അടിയന്തരമായി ഇടപെടണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെട്ടതിനെ തുടർന്ന് കലക്ടർ യോഗം വിളിക്കുകയായിരുന്നു.

നടത്തറ മുതൽ വാണിയംപാറ വരെയുള്ള അറ്റകുറ്റപണികളാണ് തീർക്കുക. മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടതും അറ്റകുറ്റപണികൾ യഥാസമയം നടത്താത്ത ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയും മൂലം അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യവും യോഗം വിലയിരുത്തി.

മണ്ണുത്തിയിൽനിന്നും നടത്തറയിലേക്ക് പോകുന്ന പ്രധാന പാതയിൽ പൈപ്പിടാൻ കുഴിച്ച കുഴി ശരിയാക്കേണ്ടത് എൻ.എച്ച്.എ.ഐയുടെ ചുമതലയാണെങ്കിലും ഈ പ്രത്യേക സാഹചര്യത്തിൽ കനാൽ മൂടാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ നിർദേശം നൽകി.

പ്രവൃത്തി ചൊവ്വാഴ്ച ആരംഭിക്കും. ഇതിനുള്ള ആദ്യ ഗഡു ജില്ല കലക്ടറുടെ ഫണ്ടിൽനിന്നും എടുക്കുകയും പിന്നീട് ഈ തുക എൻ.എച്ച്.എ.ഐൽനിന്ന്​ ഈടാക്കുകയും ചെയ്യുമെന്ന് കലക്ടർ പറഞ്ഞു.

യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. അനിത, എൻ.എച്ച്.എ.ഐ പ്രൊജക്റ്റ് ഡയറക്ടർ യാദവ്, എ.സി.പി.വി കെ. രാജു, മണ്ണുത്തി, പട്ടിക്കാട് സി.ഐമാർ, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, റോഡ്‌സ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിജി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - 6.47 crore emergency repairs on the Kuthiran will begin on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.