വയോധികന്‍റെ അപകടമരണം കൊലപാതകം; വനിതാ മാനേജർ അടക്കം അഞ്ചുപേർ അറസ്റ്റിൽ

കൊല്ലം: നഗരമധ്യത്തിൽ പട്ടാപ്പകൽ സൈക്കിൾ യാത്രികനായ വയോധികൻ കാറിടിച്ച് മരിച്ച സംഭവം അരക്കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ തുടർന്നുള്ള ക്വട്ടേഷൻ കൊലപാതകം. അപകടമരണമെന്ന് കരുതിയ കേസാണിത്. സാമ്പത്തിക തട്ടിപ്പ് നടത്തിയശേഷം ക്വട്ടേഷൻ നൽകിയ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് വനിതാ മാനേജർ ഉൾപ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്. കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം കൈരളി നഗർ കുളിർമയിൽ ബി.എസ്.എൻ.എൽ റിട്ട. ഡിവിഷനൽ എൻജിനീയർ പാപ്പച്ചനാണ് (82) മരിച്ചത്.

പാപ്പച്ചൻ സഞ്ചരിച്ച സൈക്കിളിൽ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ക്വട്ടേഷൻ നൽകുകയും സഹായിക്കുകയും ചെയ്തവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ ഏറ്റെടുത്ത കൊല്ലം പോളയത്തോട് അനിമോൻ മൻസിലിൽ അനിമോൻ (44), സഹായി കടപ്പാക്കട ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ശാസ്ത്രി നഗറിൽ വയലിൽ പുത്തൻവീട്ടിൽ മാഹിൻ (47), ക്വട്ടേഷൻ നൽകിയ കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് മാനേജർ തേവള്ളി കാവിൽ ഹൗസിൽ താമസിക്കുന്ന സരിത (45), കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് എക്സിക്യുട്ടിവ് മരുത്തടി വാസുപ്പിള്ള ജങ്ഷനിൽ കെ.പി. അനൂപ്(37), കാർ നൽകിയ പോളയത്തോട് ശാന്തി നഗർ കോളനിയിൽ സൽമ മൻസിലിൽ ഹാഷിഫ്(27) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിക്ഷേപം നടത്താനെന്ന് വിശ്വസിപ്പിച്ച് പാപ്പച്ചന്‍റെ കൈയിൽനിന്ന് 50 ലക്ഷത്തിലധികം രൂപ തട്ടിച്ച സരിതയും അനൂപും ഈ തുക സംബന്ധിച്ച് പാപ്പച്ചൻ ചോദ്യമുയർത്തിയതോടെയാണ് കൊലപാതകം നടത്താൻ പദ്ധതിയിട്ടത്. കഴിഞ്ഞ മേയ് 23ന് ഉച്ചക്ക് 12.30ഓടെ കൊല്ലം ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന് സമീപം സൈക്കിളിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് പാപ്പച്ചൻ മരിച്ചത്.

ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം ഓടിച്ച അനിമോനെ പിന്നീട് പൊലീസ് കണ്ടെത്തി. ജൂൺ ഒന്നിന്, പാപ്പച്ചന്‍റെ സാമ്പത്തിക ക്രയവിക്രയങ്ങളിലും മുത്തൂറ്റ് മിനി മാനേജറുടെ പെരുമാറ്റത്തിലും സംശയമുന്നയിച്ച് മകൾ റെയ്ച്ചൽ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയാണ് വഴിത്തിരിവായത്. അന്വേഷണത്തിൽ അനിമോനും സരിതയുമായി ബന്ധമുള്ളതായി കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ ക്വട്ടേഷൻ കൊലപാതകം ആണെന്ന് പൊലീസ് ഉറപ്പാക്കി.

പൊലീസ് പറയുന്നത്: മകൻ ജേക്കബ് ഗൾഫിലും മകൾ റെയ്ച്ചൽ ഉത്തർപ്രദേശിലും ഭാര്യ മെറ്റിൽഡ കോട്ടയത്ത് കെയർ ഹോമിലും കഴിയുന്നതിനാൽ കൊല്ലത്ത് ഒറ്റക്കാണ് പാപ്പച്ചൻ കഴിഞ്ഞത്. സരിതയും അനൂപും ചേർന്ന് പാപ്പച്ചനിൽനിന്ന് 36 ലക്ഷം രൂപ സ്ഥിരനിക്ഷേപം സ്വീകരിച്ചിരുന്നു. ഈ ബന്ധം മുതലെടുത്ത് പിന്നീട്, മറ്റ് ബാങ്കുകളിൽ ഉള്ള നിക്ഷേപങ്ങൾ പിൻവലിപ്പിച്ച് തുക ഇരുവരും കൈക്കലാക്കി.

80 ലക്ഷം രൂപ നിക്ഷേപം നടത്തിയെന്ന വ്യാജരേഖയും നൽകി. എന്നാൽ, 53 ലക്ഷംരൂപ ഇരുവരും തട്ടിയതായാണ് പ്രാഥമിക വിവരം. നിക്ഷേപത്തിനനുസരിച്ച് പലിശ വരാത്തതിനെ കുറിച്ച് പാപ്പച്ചൻ ചോദിച്ചതോടെ ഇവർ കൊലപാതകത്തിന് ക്വട്ടേഷൻ നൽകി. ഈ കേസിൽ പൊലീസ് അന്വേഷണം നടക്കവെ, സ്ഥാപനത്തിലെ ഓഡിറ്റിങ്ങിൽ മറ്റു ചില സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തി. ഇതോടെ ജൂൺ 25ന് ഇരുവരെയും സസ്പെൻഡ് ചെയ്തു. 

Tags:    
News Summary - 80-year-old man killed by car is murder; Quotation was given by women bank manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.