നജീബ് കാന്തപുരത്തിന് ആശ്വാസം; തെരഞ്ഞെടുപ്പ് കേസ് ഹൈകോടതി തള്ളി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി തള്ളി. എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി മുഹമ്മദ് മുസ്തഫ നൽകിയ ഹരജിയാണ് ഹൈകോടതി തള്ളിയത്. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും ഇതിൽ 300 എണ്ണം തനിക്ക് അനുകൂലമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.

38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം മണ്ഡലത്തിൽ നിന്നും വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി.

ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. നജീബ് കാന്തപുരം നൽകിയ തടസ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു.

തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.പി.എം മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. ചില ബാലറ്റുകൾ എണ്ണാതെ മാറ്റിവെച്ചതാണ് തന്‍റെ പരാജയത്തിന് കാരണമെന്നായിരുന്നു മുസ്തഫയുടെ വാദം.

Tags:    
News Summary - he High Court dismissed the election case against Najeeb Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.