കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന വഖഫ് ബോർഡ് യോഗം അനുശോചിച്ചു. ദുരിതബാധിതരുടെ പുനരധിവാസത്തിനും ഭവന നിർമാണത്തിനുമായി തനത് ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വഖഫ് സ്ഥാപനങ്ങൾ പരമാവധി പണം ശേഖരിച്ച് ബോർഡിന് കൈമാറണമെന്ന് അഭ്യർഥിക്കുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ മെംബർമാരായ പി. ഉബൈദുല്ല എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, അഡ്വ. എം. ഷറഫുദ്ദീൻ, എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, റസിയ ഇബ്രാഹിം, പ്രഫ. കെ.എം. അബ്ദുൽ റഹീം, വി.എം. രഹന, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വി.എസ്. സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
വയനാട് ഉരുൾപൊട്ടൽ ദുരന്തസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു 25 ലക്ഷം രൂപ ആരോഗ്യമന്ത്രി വീണാ ജോർജിന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ടി.എൻ. സുരേഷ് കൈമാറി. ദുരന്തമുഖത്ത് വൈദ്യസഹായം നൽകുന്നതിനും ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം വേഗത്തിൽ പൂർത്തിയാക്കുന്നതിനും കെ.ജി.എം.ഒ.എ അംഗങ്ങൾ രംഗത്തുണ്ടായിരുന്നു. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മെഡിക്കൽ ടീമുകളുടെ സേവനം തുടർന്നും സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.