ചെറുതോണി: ഉരുൾപൊട്ടൽ ജില്ലയിൽ തുടരെ ഉണ്ടാകുമ്പോഴും ശാസ്ത്രീയ പഠനം നടത്തണമെന്ന് ആറു വർഷം മുമ്പ് കലക്ടർ നൽകിയ റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു. രേഖകളനുസരിച്ച് ജില്ലയിൽ ആദ്യത്തെ ഉരുൾപൊട്ടലുണ്ടായത് 1958 ആഗസ്റ്റ് എട്ടിനാണ്. അന്ന് മൂന്നാറിലുണ്ടായ ഉരുൾപൊട്ടലിൽ 13 പേർ മരിച്ചു. ഇരുനൂറോളം വീടുകൾ തകർന്നു. ഈ സംഭവം നടന്നിട്ട് വ്യാഴാഴ്ച 66 വർഷം പൂർത്തിയാകുന്നു. മഹാപ്രളയം നടന്ന 2018ൽ ഇടുക്കിയിൽ മാത്രം 278 ഉരുൾപൊട്ടലുണ്ടായി എന്നാണ് കണക്ക്. അന്നത്തെ കലക്ടർ ജീവൻ ബാബു നൽകിയ റിപ്പോർട്ട് അനുസരിച്ച് 1812 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
19 ഉരുൾപൊട്ടലിൽ 46 പേർക്ക് ജീവഹാനിയുണ്ടായി. മണ്ണിനടിയിൽപെട്ട ഏഴുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഏക്കർകണക്കിനു കൃഷിഭൂമി ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നാമാവശേഷമായി. ഇടുക്കിയിൽ ഇത്രയും വ്യാപകമായതോതിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള കാരണം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് തയാറാക്കി നൽകാൻ ജില്ല മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോട് കലക്ടർ ആവശ്യപ്പെട്ടിരുന്നു. പഠനം നടത്തിയ ജിയോളജി വകുപ്പ്, ജില്ലയിൽ പെയ്ത കനത്ത മഴയാണ് വലിയ തോതിലുണ്ടായ ഉരുൾപൊട്ടലിന് കാരണമെന്ന് റിപ്പോർട്ട് നൽകി. 2018 ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 26 വരെ ജില്ലയിൽ 92 ശതമാനം മഴ കൂടുതൽ ലഭിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൊടുംപേമാരി മലയോര മേഖലയിൽ ഭൂപ്രകൃതിക്ക് താങ്ങാവുന്നതിനും അപ്പുറമായാൽ മലയോര മേഖലയിൽ ഉരുൾപൊട്ടിയൊഴുകുകയായിരുന്നു.
ഉരുൾപൊട്ടലിനു പുറമെയാണ് ഒട്ടേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായത്. കൂടാതെ ഭൂമിതാഴുന്ന അപൂർവ പ്രതിഭാസമായ സോയിൽ പൈപ്പിങ്ങും ഒട്ടേറെ മേഖലകളിൽ സംഭവിച്ചു. സംഭവത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് ജില്ല ദുരന്ത നിവാരണ അതോറിറ്റിയും ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേന്ദ്രസർക്കാർ ഏജൻസിയെയോ പ്രത്യേക ടീമിനെയോ നിയോഗിച്ച് വിശദ പഠനം നടത്തണമെന്നും ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സേവനം ഇക്കാര്യത്തിൽ വേണമെന്നും കലക്ടർ റിപ്പോർട്ട് നൽകി. കലക്ടർ നൽകിയ റിപ്പോർട്ടിൽ ഇപ്പോഴും നടപടിയുണ്ടായിട്ടില്ല. ദുരന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി ആവർത്തിക്കപ്പെടുമ്പോഴും യഥാർഥ കാരണം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള നടപടി ഉണ്ടായിട്ടില്ല. റിപ്പോർട്ട് പൊടിപിടിച്ചു കിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.