പട്ടികവർഗ വികസനത്തിന് വകയിരുത്തിയത് 859.50 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പട്ടികവർഗ വികസനത്തിന് വകയിരുത്തിയത് 859.50 കോടി രൂപ. ഇത് സംസ്ഥാന പദ്ധതി അടങ്കലിന്റെ 2.83 ശതമാനമാണ്. 2011 സെൻസസ് പ്രകാരമുള പട്ടികവർഗ ജനസംഖ്യാ ശതമാനമായ 1.45 ശതമാനത്തേക്കാൾ ഉയർന്നതാണിത്. പട്ടികവർഗ ഉപപദ്ധതി വിഹിതമായ 859.50 കോടി രൂപയിൽ 201.55 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതമാണ്.

പട്ടികവർഗ വിദ്യാർഥികൾക്ക് പ്രോത്സാഹനവും സഹായവും നൽകുന്ന പദ്ധതികൾക്കായുള്ള വിഹിതം കഴിഞ്ഞ വർഷത്തെ വിഹിതമായ 8.75 കോടി രൂപയിൽ നിന്ന് 9.25 കോടി രൂപയായി വർധിപ്പിച്ചു. പട്ടികവർഗ വിഭാഗക്കാർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിവിധ പദ്ധതികൾക്കായി 32.10 കോടി രൂപ വകയിരുത്തി.

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 12 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തിനു പുറത്തുള്ള സർവകലാശാലകളിലും പ്രശസ്തമായ വിദേശ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസം നേടുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായവും ലോജിസ്റ്റിക് പിന്തുണയും നൽകുന്ന പുതിയ പദ്ധതിക്കായി മൂന്ന് കോടി വകയിരുത്തി.

ആധുനിക നൈപുണ്യ വികസന പരിശീലനം നൽകി പട്ടികവർഗ യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും, ഉപജീവനമാർഗത്തിനും വേണ്ടി സ്വയം തൊഴിൽ കണ്ടെത്തുന്നതിനുമായി വ്യക്തികൾക്കും സഹായ സംഘങ്ങൾക്കും പിന്തുണ നൽകുന്നതിന് ഒമ്പത് കോടി രൂപ വകയിരുത്തി.

വിദ്യാസമ്പന്നർക്കിടയിൽ സംരംഭകത്വത്തിനും സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം നൽകുന്നതിന് പുതിയതായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് 'ഉന്നതി'. സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം രൂപ പ്രാരംഭഘട്ടത്തിൽ ധനസഹായം നൽകും. ഈ പുതിയ പദ്ധതിക്കായി രണ്ട് കോടി രൂപ വകയിരുത്തി.

എം.ജി.എൻ.ആർ.ഇ.ജി.എസ്-ൽ നൽകുന്ന 100 ദിവസ തൊഴിലിനു പുറമെ, പട്ടികവർഗ കുടുംബങ്ങൾക്ക് 100 ദിവസത്തെ അധിക തൊഴിൽ കൂടി നൽകുന്ന കേരള ട്രൈബൽ പ്ലസ് പദ്ധതിക്കായി 35 കോടി രൂപ വകയിരുത്തി.

മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾ/ആശ്രം സ്കൂളുകൾ, ഏകലവ്യ സ്കൂളുകൾ, സ്പെഷ്യൽ സി.ബി.എസ്.ഇ മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾ എന്നിവയുടെ നടത്തിപ്പ് ചെലവിനായി 57 കോടി രൂപയും കെട്ടിടങ്ങളുടെ നിർമാണത്തിനും പൂർത്തീകരണത്തിനുമായി അഞ്ച് കോടി രൂപയും വകയിരുത്തി.

പ്രീമെട്രിക്-പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിനും, യൂനിസെഫ് നിഷ്കർഷിക്കുന്ന നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായി അഞ്ച് കോടി രൂപ വകയിരുത്തി.

പട്ടികവർഗ യുവതികൾക്കുളള വിവാഹ ധനസഹായമായി ആറ് കോടി രൂപയും സിക്കിൾസെൽ അനീമിയ രോഗികൾക്കുള്ള സഹായമായി 2.50 കോടി രൂപയും കിർത്താഡ്‌സിന്റെ സഹായത്തോടെ കണ്ടെത്തുന്ന പരമ്പരാഗത പട്ടികവർഗ വൈദ്യന്മാർക്കുള്ള സാമ്പത്തിക സഹായമായി 40 ലക്ഷം രൂപയും 'ജനനി ജന്മരക്ഷ' പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകുന്നതിനായി 17 കോടി രൂപയും വകയിരുത്തി.

പട്ടിക വർഗക്കാർക്കിടയിലെ ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവ ഇല്ലാതാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പട്ടിക വർഗ മേഖലകളിൽ ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതിക്കായി 25 കോടി രൂപയും സമഗ്ര പട്ടികവർഗ ആരോഗ്യ സംരക്ഷണ പദ്ധതിക്കായി 32 കോടി രൂപയും വകയിരുത്തി.

ലൈഫ് മിഷൻ പദ്ധതി ആരംഭിക്കുന്നതിനു മുൻപായി നിർമാണം തുടങ്ങിയ വീടുകളുടെ പൂർത്തികരണവും, ജീർണാ വസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണവും ലക്ഷ്യമിടുന്ന പദ്ധതിക്കായി 70 കോടി രൂപയും കോർപ്പസ് ഫണ്ടിലേക്ക് 40 കോടി രൂപയും അംബേദ്‌കർ സെറ്റിൽമെൻറ് വികസന പദ്ധതിക്കായി 40 കോടി രൂപയും വകയിരുത്തി.

ഭൂരഹിതരായ കുടുംബങ്ങൾക്ക് കുറഞ്ഞത് ഒരേക്കർ, പരമാവധി അഞ്ച് ഏക്കർ വരെ ഭൂമി നൽകുക എന്ന ലക്ഷ്യത്തോടെയുള്ള "ദൂരഹിതരായ പട്ടികവർഗക്കാരുടെ പുനരധിവാസം' പദ്ധതിക്കായി 42 കോടി വകയിരുത്തി. പട്ടികവർഗമേഖലകളിൽ പദ്ധതികൾ നടപ്പിലാക്കുന്നതിന് മാനവശേഷി പിന്തുണക്കായി 33.25 കോടി രൂപ വകയിരുത്തി.

Tags:    
News Summary - 859.50 crore allocated for Scheduled Tribe development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.