തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി. മൊയ്തീൻ നാളെ ഇ.ഡിക്കു മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യുന്നതിനായി ഇ.ഡി രണ്ടു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ ഒഴിവാകുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ 11ന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു.
സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ എന്നിവരും നാളെ ഇ.ഡിക്കു മുന്നിൽ ഹാജരാകും. പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ചാണ് ഇവരെ ചോദ്യം ചെയ്യുക.
അതിനിടെ, നാളെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും എ.സി. മൊയ്തീൻ വ്യക്തമാക്കി. അതേസമയം ഇനിയും ഇ.ഡിക്കു മുന്നിൽ ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നു പറയുമെന്നും മൊയ്തീൻ ചൂണ്ടിക്കാട്ടി. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ് ഇ.ഡി എ.സി. മൊയ്തീനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കരുവന്നൂര്‍ തട്ടിപ്പില്‍ എ.സി. മൊയ്തീനൊപ്പം പങ്കാളിയാണ് മുന്‍ എം.പി പി.കെ. ബിജുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബിനാമി ഇടപാടില്‍ മുന്‍ എം.പിയ്ക്ക് പങ്കുണ്ടെന്ന ഇ.ഡി വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിജുവിനെതിരെ അനില്‍ അക്കര രംഗത്തെത്തിയത്. ബിജുവിന്‍റെ മെന്‍ററാണ് പ്രതികളിലൊരാളായ സതീശനെന്നും അക്കര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.