മെഡിക്കൽ കോളജിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ സമ്മർദം; ജീവനക്കാർക്കെതിരെ കേസ്

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐ.സി.യുവിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിൽ അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാളെ പിരിച്ചുവിട്ടു. ഗ്രേഡ് വൺ അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റൻഡർമാരായ ഷൈമ, പി.ജി. ഷലൂജ, നഴ്സിങ് അസിസ്റ്റന്‍റായ പ്രസീത മനോളി എന്നിവരെയാണ് അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്​പെൻഡ് ചെയ്തത്. ദിവസവേതന ജീവനക്കാരി കുമാരി ദീപയെയാണ് പിരിച്ചുവിട്ടത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഞ്ചുപേരെ സസ്പെൻഡ് ചെയ്യാനും ഒരാളെ പിരിച്ചുവിടാനും തീരുമാനമായത്.

ഐ.സി.യുവിൽ നടന്ന ലൈംഗികാതിക്രമത്തിനെതിരെ മജിസ്ട്രേറ്റിന് നൽകിയ യുവതിയുടെ മൊഴിമാറ്റാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. മൊഴിമാറ്റിയാൽ പണം തരാമെന്നും പ്രതികൾ വാഗ്ദാനം ചെയ്തതായി യുവതി പറഞ്ഞിരുന്നു. പരാതിയുയർന്ന പശ്ചാത്തലത്തിൽ യുവതി ചികിത്സയിലുള്ള വാർഡിൽ ​പ്രത്യേക വനിത സുരക്ഷ ജീവനക്കാരിയെ ചുമതലപ്പെടുത്തി. ചികിത്സിക്കുന്ന ഡോക്ടർമാരും പരിചരിക്കുന്ന നഴ്സുമാരുമല്ലാതെ ആരെയും മുറിയിൽ പ്രവേശിപ്പിക്കുന്നില്ല. അനാവശ്യമായി ഈ വാർഡിൽ ജീവനക്കാർ പ്രവേശിച്ചാൽ കടുത്ത നടപടിയുണ്ടാവുമെന്ന് സൂപ്രണ്ട് ഡോ. ശ്രീജയൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. വാർഡിലെ ഹെഡ്നഴ്സ് മുഖേനയാണ് യുവതി ബുധനാഴ്ച സൂപ്രണ്ടിന് പരാതി നൽകിയത്.

കഴിഞ്ഞയാഴ്ചയാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവിൽ ഗ്രേഡ് വൺ അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്. മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്ത പ്രതി റിമാൻഡിലാണ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു.

Tags:    
News Summary - A case has been filed against five employees in the case of trying to molest a post-surgery woman in Kozhikode medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.