കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം -വി. മുരളീധരൻ

കൊച്ചി: വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കശ്മീരില്‍ വിഘടനവാദികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് ജലീൽ ഉയർത്തിയത്. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്‍റെ പ്രഖ്യാപിത നയമാണ്. ആസാദ് കശ്മീർ എന്ന ജലീലിന്‍റെ പ്രസ്താവന രാജ്യദ്രോഹമാണ്. ജലീലിന്‍റെ രാജി സർക്കാർ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണെന്നും മുരളീധരൻ പറഞ്ഞു.

കെ.ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. ''പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കശ്മീർ' എന്നറിയപ്പെട്ടു. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്താൻ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്താൻ സർക്കാറിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം'' എന്നിങ്ങനെയായിരുന്നു ജലീലിന്‍റെ പോസ്റ്റ്.

പഴയ സിമി നേതാവായ കെ.ടി ജലീലിൽനിന്ന് ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. പാക്കധീന കശ്മീരിനെ കുറിച്ച് ആസാദ് കശ്മീർ എന്ന ജലീലിന്‍റെ പരാമർശം രാജ്യത്തിന്‍റെ അഖണ്ഡതക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എം.എൽ.എയായി തുടരാനാവില്ല. ഇന്ത്യൻ അധിനിവേശ കശ്മീർ എന്ന പ്രയോഗം പാകിസ്താന്‍റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. ഭരണഘടന വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - A case of sedition should be filed against KT Jaleel -V. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.