കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് മീഡിയ വൺ സ്പെഷൽ കറസ്പോണ്ടന്‍റായ മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് 354 എ വകുപ്പ് ചുമത്തി കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തുവെന്നായിരുന്നു മാധ്യമപ്രവർത്തകയുടെ പരാതി.
തുടർനടപടികൾക്കായി പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ, സംസ്ഥാന വനിത കമീഷന് പരാതി നൽകി. തൊഴിലെടുക്കുന്ന സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇതിനെതിരെ കമീഷൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം.
വെള്ളിയാഴ്ച ഉച്ചക്ക് കോഴിക്കോട് ഒരു ഹോട്ടലിൽവെച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വെള്ളിയാഴ്ച തന്നെ മാധ്യമപ്രവർത്തക വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി തോളിൽ തഴുകിക്കൊണ്ട് ‘മോളേ’ എന്നു വിളിച്ച് മറുപടി പറഞ്ഞത്. ആ സമയത്ത് ഷോക്കായിപ്പോയി. അദ്ദേഹത്തിന്‍റെ കൈ മാറ്റാനായി പിന്നിലേക്ക് വലിഞ്ഞു. വീണ്ടും ചോദ്യം ചോദിച്ചപ്പോഴും പ്രതികരണം അങ്ങനെത്തന്നെയായിരുന്നു. സുരേഷ് ഗോപി തോളിൽ കൈവെച്ചത് സഹിക്കാവുന്ന കാര്യമല്ല. സൗഹൃദസംഭാഷണത്തിനായിരുന്നില്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനോട് ചോദ്യങ്ങൾ ചോദിക്കാനായിരുന്നു അവിടെ പോയതെന്നും മാധ്യമപ്രവർത്തക പറഞ്ഞു.
സംഭവം വിവാദമായതോടെ ഫേസ്ബുക്കിലൂടെ ക്ഷമ ചോദിച്ച് സുരേഷ് ഗോപി രംഗത്തെത്തി. വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും അതിൽ ആ കുട്ടിക്ക് വിഷമം തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ തോന്നുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.
മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല ഇതെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമാണെന്നും ഫ്യൂഡൽ മേലാള ബോധത്തോടെയാണെന്നും മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നത് രാഷ്ട്രീയ തന്ത്രമാണെന്നും തൊഴിലിടത്തെ പീഡനത്തിനെതിരെ കേസെടുക്കണമെന്നും ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജ അഭിപ്രായപ്പെട്ടു.
അതേസമയം, സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം ന്യായീകരിച്ചുകൊണ്ട് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തുവന്നു. മാപ്പു പറഞ്ഞിട്ടും ആക്രമണം നടത്തുന്നതും പീഡന വകുപ്പ് ചേർത്ത് പരാതി നൽകിയതിനും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.