ന്യൂഡല്‍ഹി. വൈവിധ്യത്തെയും ബഹുസ്വരതയേയും അംഗീകരിക്കാതെ ഒറ്റ ആശയം നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദുരന്തഫലമാണ് മണിപ്പൂരിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പിണായി വിജയൻ. ഗോത്ര വിഭാഗങ്ങള്‍ ഐക്യത്തോടെ കഴിഞ്ഞിരുന്ന മണിപ്പുരിൽ നിന്ന് ഉള്ളുപൊള്ളിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
രാജ്യത്തിന്‍റെ പല ദിക്കുകളിലും വിദ്വേഷം പുകയുകയാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ചിലര്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കേരളത്തിലെ ഒരുമയും സൗഹാര്‍ദവും സംസ്‌കാരവും തലസ്ഥാനത്തിനു പരിചയപ്പെടുത്തിക്കൊടുക്കാനുള്ള കേന്ദ്രമായി ട്രാവന്‍കൂര്‍ പാലസ് മാറണം. വിവിധ സംസ്‌കാരങ്ങളുടെ സമന്വയമാണ് കേരള സംസ്‌കാരം. സംസ്‌കാരവും ഭാഷയും സഹവര്‍തിത്വത്തിന് അനിവാര്യമാണ്.
കേരളത്തിന്‍റെ മതനിരപേക്ഷതയും സാഹോദര്യത്തെയും ഇകഴ്ത്തിക്കാണിക്കാനും ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്‍റെ ഒരുമിച്ച് എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മുതിര്‍ന്ന സാഹിത്യകാരന്‍ ഓംചേരി എന്‍.എന്‍ പിള്ള, നര്‍ത്തകരായ ജയപ്രഭ മേനോന്‍, ഡോ. രാജശ്രീ വാര്യര്‍ എന്നിവരെ ആദരിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, പി. രാജീവ്, ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, എംപിമാരായ എളമരം കരിം, ബിനോയ് വിശ്വം, പി. അബ്ദുൽ വഹാബ്, തോമസ് ചാഴികാടന്‍ എന്നിവർ സംസാരിച്ചു.68 മുറികളുള്ള നവീകരിച്ച ട്രാവന്‍കൂര്‍ പാലസില്‍ 5 ആര്‍ട്ട് ഗ്യാലറികളുമുണ്ട്.
ട്രാവന്‍കൂര്‍ പാലസില്‍ ക്രമീകരിച്ചിരിക്കുന്ന 23 മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ഉദ്ഘാടനം ശനിയാഴ്ച രാത്രി മുഖ്യമന്ത്രി നിര്‍വഹിക്കും. കേരള ചരിത്രം അവതരിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ട ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രദര്‍ശനം പൊതുജനങ്ങള്‍ക്കായി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.