ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ താമസസ്ഥലത്ത് ഷോക്കേറ്റു മരിച്ചു. തൃശൂർ മാള പള്ളിപ്പുറം വലിയ വീട്ടിൽ വി.എ. അൻസാറിന്റെയും ഷമീനയുടെയും മകൻ മുഹമ്മദ് ജാസിം (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. പി.ജി നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതകൊണ്ടാണ് അപകടം സംഭവിച്ചതെന്നും കൃത്യസമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി ജാസിമിന്റെ ബന്ധുക്കൾ വർത്തൂർ പൊലീസിൽ പരാതി നൽകി. പരാതിപ്രകാരം, പ്രാഥമിക വിവര റിപ്പോർട്ട് തയാറാക്കിയ പൊലീസ് അപകടസ്ഥലവും പി.ജി കെട്ടിടവും സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയശേഷം നടത്തിപ്പുകാരനായ പാലക്കാട് സ്വദേശി അലിയെ കസ്റ്റഡിയിലെടുത്തു.
ബംഗളൂരു ക്രിസ്തു ജയന്തി കോളജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയായ മുഹമ്മദ് ജാസിം രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവിലെത്തിയത്. കാർമലാരം കൃപാനിധി കോളജിനു സമീപം ബാംഗ്ലൂർ ഡെയ്സ് ഹോംസ്റ്റേയിൽ പേയിങ് ഗെസ്റ്റായാണ് താമസിച്ചിരുന്നത്. സംഭവദിവസം രാത്രി കനത്ത മഴയുണ്ടായിരുന്നു. ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കുന്നതിനിടെ ടെറസിലുണ്ടായിരുന്ന വയറിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഉടൻ മറ്റു വിദ്യാർഥികൾ പി.ജി നടത്തിപ്പുകാരനെ വിവരമറിയിച്ചെങ്കിലും ഇയാൾ എത്താൻ വൈകി. ഇയാൾ സുഹൃത്തായ ഡ്രൈവറെ വിളിച്ചുവരുത്തി. ജാസിമിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുന്നതിന് പകരം പി.ജി നടത്തിപ്പുകാരന്റെ പരിചയത്തിലുള്ള ഡോക്ടറുടെ ക്ലിനിക്കിലേക്കാണ് കൊണ്ടുപോയത്. അകലെയുള്ള ഈ ക്ലിനിക്കിലെത്തിയപ്പോൾ ഉടൻ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർ നിർദേശിച്ചു.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം വൈദേഹി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.പൊലീസ് നടപടിക്രമങ്ങൾക്കും മറ്റും എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പ്രവർത്തകരും ഐ.ആർ.ഡബ്ല്യു പ്രവർത്തകരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.