ടോറസ് ഇടിച്ച് ബൈക്ക് യാത്രികയായ മെഡിക്കൽ എൻട്രൻസ് വിദ്യാർഥിനി മരിച്ചു

ചെങ്ങമനാട്: ദേശീയപാതയിൽ പറമ്പയത്ത് ടോറസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മെഡിക്കൽ എൻട്രൻസ് കോച്ചിങ് വിദ്യാർഥിനി റോഡിൽ തെറിച്ചു വീണ് മരിച്ചു. ആലുവ എൻ.എ.ഡി ചാലേപ്പള്ളി പട്ടാലിൽ വീട്ടിൽ ഷൈജുവിന്‍റെ (ഓവർസിയർ, കളമശ്ശേരി നഗരസഭ) മകൾ പി.എസ് ആർദ്രയാണ് (18) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി ആലുവ വാഴക്കുളം കാഞ്ഞിരപ്പാറയിൽ ശിവദേവ് (19) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെ 7.45ഓടെ ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. ഉന്നത പഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്ന സഹപാഠിയെ യാത്രയാക്കാൻ മറ്റ് കൂട്ടുകാർക്കൊപ്പം നെടുമ്പാശ്ശേരിയിലേക്ക് പോവുകയായിരുന്നു ആർദ്ര. പിന്നിൽ വന്ന ടോറസ് ഇടതുവശം കൂടി മറികടക്കുമ്പോൾ ബൈക്കിന്‍റെ കണ്ണാടിയിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

റോഡിൽ തെറിച്ചുവീണ ആർദ്രയുടെ തലയിലൂടെ ഇടിച്ച ടോറസിന്‍റെ പിൻവശത്തെ ടയറുകൾ കയറിയിറങ്ങുകയായിരുന്നു. അപകടം സംഭവിച്ചയുടൻ ഇരുവരെയും നാട്ടുകാർ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും ആർദ്രയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. അമ്മ: വടുതല കരിവേലിൽ കുടുംബാംഗം രശ്മി (കയർ ബോർഡ്, ചെന്നൈ). സഹോദരൻ: അദ്വൈത് (10-ാം ക്ളാസ് വിദ്യാർഥി, കേന്ദ്ര വിദ്യാലയ, കളമശ്ശേരി). സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. നെടുമ്പാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു.

Tags:    
News Summary - A medical entrance student died after being hit by a Torras Lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.