കാസർഗോഡ്: ടെക്‌സാസിലെ ഇന്ത്യൻ വംശജനായ അഭിഭാഷകൻ സുരേന്ദ്രൻ കെ പട്ടേലിന് പ്രചോദനാത്മകമായ ഒരു യാത്രയുണ്ട്, കേരളത്തിലെ ദാരിദ്ര്യത്തിൽ വളർന്നത് മുതൽ അമേരിക്കയിൽ ജഡ്ജിയാകുന്നത് വരെയുള്ള ജീവിതയാത്ര. ടെക്‌സാസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന 240-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി ചുമതലയേറ്റ 51-കാരൻ പൊരുതി നേടിയതാണ് ഈ നേട്ടം.
അദ്ദേഹത്തിന്റെ ജീവിതത്തിലെ സ്വപ്നമായിരുന്നു നിയമ പഠനം. വളരെ ചെറുപ്പത്തിലെ തന്നെ സഹോദരിയുമൊത്ത് ബീഡി തെറുത്ത് വിറ്റാണ് വരുമാന മാർഗം കണ്ടെത്തിയിരുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ തൊഴിൽ ചെയ്ത പട്ടേൽ പത്താം ക്ലാസ്സിൽ തന്റെ പഠിപ്പ് അവസാനിപ്പിച്ചിരുന്നു. ശേഷം മുഴുവൻ സമയവും പണിയെടുക്കാൻ തുടങ്ങി.
പിന്നീട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ.കോളജിൽ ചേർന്നു. അപ്പോഴും പഠനത്തിന് ശേഷമുള്ള സമയം മറ്റു ജോലികൾക്കായി മാറ്റിവെച്ചു. ഹാജർ കുറവായിരുന്നതിനാൽ പരീക്ഷ എഴുതാൻ അധ്യാപകർ ആദ്യം അനു൮വധിച്ചില്ല. എന്നിട്ടും ഉയർന്ന മാർക്കോടെ പാസായ പട്ടേലിനോട് അധ്യാപകർ സഹകരിക്കാൻ തുടങ്ങി. ഉന്നത വിജയം നേടി അയാൾ ബിരുദം പൂർത്തിയാക്കി.
അതിനുശേഷമാണ് അഭിഭാഷകനാകാനുള്ള മോഹം ഉടലെടുക്കുന്നത്. ഒടുവിൽ കോഴിക്കോട് ഗവ.ലോ കോളജിൽ ചേർന്നു. സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതിനാൽ ആദ്യത്തെ വർഷം കൂട്ടുകാർ സഹായിച്ചു പിന്നീട് പഠനത്തിന് ശേഷം ഹോട്ടലുകളിൽ ജോലി ചെയ്തു.
1995 ൽ ആണ് പട്ടേൽ നിയമ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1996 ൽ ഹൊസ്ദുർഗിൽ പരിശീലനം നേടുകയും അറിയപ്പെടുന്ന അഭിഭാഷകനാവുകയും ചെയ്ത അദ്ദേഹം സുപ്രീം കോടതിയിലെത്തി. പിന്നീട് കുടുംബത്തോടെ അമേരിക്കയിലെത്തിയ പട്ടേൽ നഴ്‌സായ ഭാര്യയ്ക്ക് ആശുപത്രിയിൽ ജോലി കണ്ടെത്തി.
രണ്ടുവർഷങ്ങൾക്ക് ശേഷം ടെക്‌സാസിൽ നടത്തിയ ബാർ കൗൺസിൽ പരീക്ഷയിൽ പങ്കെടുക്കുകയും ആദ്യ പരിശ്രമത്തിൽ തന്നെ വിജയം നേടുകയും ചെയ്തു. എന്നാൽ അമേരിക്കയിലെ കഠിനമായ നിയമത്തെക്കുറിച്ച് അദ്ദേഹത്തിന് കൂടുതൽ അറിയേണ്ടതുണ്ടായിരുന്നു. അതിനാൽ അദ്ദേഹം യൂനിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ ലോ സെന്ററിൽ ബിരുദാനന്തര ബിരുദം നേടി.
2011 പഠനം പൂർത്തിയാക്കിയ പട്ടേൽ പല നിയമ മേഖലകളിലും പരിശീലിച്ചതിന് ശേഷം സ്വന്തമായി നിയമ സ്ഥാപനം ആരംഭിക്കുകയായിരുന്നു. കോടതി എപ്പോഴും നീതിയുള്ളതും ന്യായമായതും അനുകമ്പയുള്ളതുമായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും പട്ടേൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.